ഇടുക്കി തങ്കമണിയിൽ സൈനികനായ മകൻ നൽകിയ പരാതിയെ തുടർന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി അച്ചൻകാനം പഴചിറ വീട്ടിൽ ബിൻസി ജോസ് (53) ആണ് അറസ്റ്റിലായത്. മകനും മരുമകളും അറിയാതെ 24 പവൻ സ്വർണം പണയംവച്ച് പണം തട്ടിയെന്നാണ് ആരോപണം. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശിനി കുറുപ്പം പറമ്പിൽ അംബികയും പൊലീസ് പിടിയിലായി.
ബിൻസിയുടെ മകൻ അഭിജിത്ത് അസം റൈഫിള്‍സിലെ സൈനികനാണ്. അഭിജിത്തിന്‍റെ ഭാര്യയുടെ 14 പവൻ സ്വർണം ബിൻസി പണയം വച്ചെന്നാണ് പരാതി. അതോടൊപ്പം ബിൻസിയുടെ മകളുടെ 10 പവൻ സ്വർണവും പണയം വച്ചു. എന്തിന് പണയം വച്ചു എന്ന് ചോദിച്ചപ്പോൾ ബിൻസി വ്യക്തമായ മറുപടി നൽകിയില്ല. തുടർന്നാണ് ബിൻസിക്കെതിരെ മകൻ പൊലീസിൽ പരാതി നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് ബിൻസി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകാൻ കോടതി നിർദേശിച്ചു. ഒരു മന്ത്രവാദിയെ കണ്ട് മടങ്ങുമ്പോഴാണ് ബിൻസി പിടിയിലാകുന്നത്. തട്ടിയെടുത്ത പണം ആഭിചാര കർമ്മത്തിനായി ഉപയോഗിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. അറസ്റ്റ് രേഖപ്പെടുത്തി ബിൻസിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.