Thursday, July 31, 2025
Mantis Partners Sydney
Home » സമാപ്തി
കവിത - സമാപ്തി

സമാപ്തി

കവിത

by Editor

സായാഹ്നമാകുന്നു
വാലന്റൈൻ ദിനത്തിന്
വെളിച്ചം കുറഞ്ഞുവരുന്നു
കാലത്തു മുതൽ
നഗരത്തിലകപ്പെട്ട
ഞങ്ങൾ
ഓരോ, ചൂടുള്ള
കാപ്പിയോ ചായയോ
കാംക്ഷിക്കുമാറ്
തളർന്നിരുന്നു ..

സമോവറിൽ തിളയ്ക്കുന്ന
ചായയും കൂട്ടു ചേരുന്ന
തിളപ്പൻപാലും
സാധാരണയൊരു
ചില്ലുപാത്രത്തിൽ നിന്നും
മൊത്തിക്കുടിക്കുന്നതോർത്തു നിൽക്കെ,

വറുത്ത കാപ്പിക്കുരുവിന്റെ
സുഖദ സുഗന്ധം
പരന്ന
തണുത്തൊരു
മുന്തിയ കടയുടെ – യകത്തെ
വട്ടത്തിലിട്ട പതുപതുത്ത
ഇരിപ്പിടങ്ങളുള്ള
അറയിലേയ്ക്ക്
നഗരത്തിലകപ്പെട്ട ഞങ്ങൾ
മൂന്നുപേർ കടന്നു ചെന്നു …

ഏറെ നേരത്തിനപ്പുറം
ഞങ്ങൾക്കുമെത്തി
വെളുപ്പിന്റെ പൊടികൾ കൊണ്ട്
ഹൃദയം വരച്ച്
ചുവന്ന വെൽവറ്റ് ക്രീം
മേലേ മരം തീർത്ത്
അരികിൽ കുഴലുമിട്ട
വീണ്ടും പറയാനറിയാത്ത
പേരുള്ള കോഫി ..

രണ്ടു പേർ
ചെറിയ വട്ടമേശയ്ക്കി –
രുപുറം
അത്തരം ഏതോ കോഫി നിറച്ച
മഗ്ഗ് വെറുതെ വച്ച്
കാര്യങ്ങൾ പറയുന്നത്
ഇടയ്ക്കിടെ നോക്കിയിരുന്ന ഞാൻ

അവരിൽ,
സ്ത്രീയുടെ
നിറഞ്ഞു വരുന്ന
കണ്ണുകൾ കണ്ടു ..
പുരുഷൻ
താത്വികമായി
പറയുന്നതിനിടെ
അവൾ
മുഖം തുടച്ച്
എണീറ്റ് പുറത്തേയ്ക്ക് നടന്നു ..

രണ്ടു പേരും
വെളിയിൽ
തെക്കോട്ടും വടക്കോട്ടും
തിരിച്ചു വച്ചിരുന്ന
ഇരുചക്ര വണ്ടികളിൽ
കേറി
തെക്കും വടക്കും
ദിശകളിലേക്ക് പോയി..

മൂന്ന് പാത്രങ്ങളിൽ
വച്ച
പാനീയത്തിൽ
എന്റേത്
അതുപോലെ –
യിരുന്നു ..

തിളച്ച പാലും
കുറുകിയ കട്ടനുമൊഴിച്ച ചായരുചി ഇനിയും
എവിടെക്കിട്ടുമെ – ന്നോർത്തു
ഞാൻ നിന്നപ്പോൾ
ആയിരം കടന്നുപോയ
ബില്ലും പിടിച്ച്
പല്ലു ഞെരിക്കുന്ന
ആൾ രൂപത്തെ
നോക്കാതെ
ഞങ്ങളിൽ
മൂന്നാമത്തെയാൾ
മുന്നേ
പുറത്തേക്കു പോയി …

വാലന്റൈൻ
ദിനത്തി –
നങ്ങനെയങ്ങനെ
ഇരുട്ടും വീണു …

ആൻസി സാജൻ

Send your news and Advertisements

You may also like

error: Content is protected !!