കാഴ്ചയ്ക്കു മിഴിവുണ്ട്
കേഴ് വിക്കു ഘനമുണ്ട്
ഗന്ധങ്ങളെല്ലാം തിരിച്ചറിയാം
കൊഴിയാതെ,
നിരയൊത്ത പല്ലുകൾ
മൂർച്ച തുരുമ്പിക്കാ വാക്കുകൾ
വൃദ്ധയാവുമോ ഞാനും…!
ഇഴപാകിയിട്ടില്ല
വെളളിനൂലുകൾ മുടിയിഴയിൽ
കരിമഷി തിളങ്ങുന്നു
കണ്ണുകളിൽ
കവിളുകൾ ചിരിക്കുന്ന
കുങ്കുമപ്പൂവുകൾ..
വൃദ്ധയാകുമോ ഞാനും..!
പുഴകൾ, മലകൾ,
മഴത്തുളളിക്കിലുക്കങ്ങൾ
മഴവില്ലു പൂക്കുന്ന
മാനവും കാണാം
വെയിലിന്റെ ചൂടും
മഞ്ഞിന്റെ കുളിരും
മഴയുടെയീറൻ നനവുകളും
നുകരുവാനാവുന്നു…
വൃദ്ധയാകുമോ ഞാനും..!
ബാല്യ കൗമാര യൗവ്വനങ്ങൾ
കൺമുന്നിൽ മായാതെ
ചേർന്നു നില്ക്കേ,
വൃദ്ധയാകുമോ, ഞാനും..!
പ്രണയത്തിൻ കായ്കനി
കൊക്കിലേന്തി
വാനിൽ പറന്നു നടക്കുന്നു
മോഹങ്ങൾ
വൃദ്ധയാകുമോ ഞാനും ..!
എന്നെ പുണരാൻ മടിക്കും
വാർദ്ധക്യം:
യൗവ്വനം പൂക്കും മനസ്സുണ്ടെനിക്ക്..!
പൊരിയുന്ന വെയിലത്തും
ചൊരിയുന്ന മഴയത്തും
മനവും മിഴിയും തുറന്നുവച്ച്
കാത്തിരിക്കും ഞാൻ
വാർദ്ധക്യത്തെ
പടിയെത്തും മുൻപേ
തിരിച്ചയയ്ക്കാൻ…
രമണി അമ്മാൾ