നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗത്തിനും ഗൂഡാലോചനയ്ക്കും നടനെതിരെ കേസെടുത്തു. തുടർന്നു നടന്റെ മാതാപിതാക്കളുടെ ആള്‍ജാമ്യത്തിൽ സ്‌റ്റേഷൻ ജാമ്യം അനുവദിച്ചതിനെ തുടർന്ന് പുറത്തിറങ്ങി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഷൈന്‍ മടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ നടന്‍ തയ്യാറായില്ല. 21-ാം തീയതി വീണ്ടും ഹാജരാകണമെന്ന് പൊലീസ് നിർദേശം നൽകി. അതിനിടെ, കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കേസിന്റെ എഫ്ഐആറിലാണ് ഷൈൻ ടോം ചാക്കോയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുള്ളത്. ഷൈനിനു പുറമെ മലപ്പുറം സ്വദേശിയായ അഹമ്മദ് മുർഷാദാണ് കേസിൽ രണ്ടാം പ്രതി.
10 വർഷം മുമ്പുണ്ടായ ലഹരിക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടിട്ട് കേവലം രണ്ടുമാസം കഴിഞ്ഞപ്പോഴാണ് മറ്റൊരു ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലാകുന്നത്. ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധമില്ലെന്നായിരുന്നു ഷൈൻ ആദ്യം പറഞ്ഞത്. പൊലീസ് ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ, അറസ്‌റ്റിലായ ലഹരിയിടപാടുകാരുടെ മൊഴികൾ, സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തലുകൾ തുടങ്ങിയവ നിരത്തിയതോടെ കാര്യങ്ങൾ ഷൈനിൻ്റെ കൈവിട്ടു. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു ലഹരി ഇടപാടുകാരനായ സജീറുമായുള്ള ബന്ധം. സജീറിനെ തനിക്ക് അറിയാമെന്നു പറഞ്ഞതല്ലാതെ മറ്റൊന്നും ഷൈൻ തുടക്കത്തിൽ പറഞ്ഞിരുന്നില്ല. എന്നാൽ ഹോട്ടലിൽനിന്ന് ഓടിയ ദിവസം ഷൈൻ സജീറിന് 20000 രൂപ ഗൂഗിൾ പേ വഴി അയച്ചുകൊടുത്തതിൻ്റെ തെളിവ് പൊലീസ് കാട്ടിക്കൊടുത്തു. ലഹരിപാർട്ടികൾ നടന്നു എന്ന് ഡാൻസാഫിന് ബോധ്യമുള്ള സ്‌ഥലങ്ങളിലൊക്കെ ഷൈനിൻ്റെ സാന്നിധ്യമുണ്ടായിരുന്നു എന്നതിന്റെ തെളിവും മുന്നിൽവച്ചതോടെ ഷൈൻ പ്രതിരോധത്തിലായി. ഒടുവിൽ, താൻ രാസലഹരികൾ ഉപയോഗിച്ചിരുന്നെന്നും, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമയെ അറിയാമെന്നും കൂത്താട്ടുകുളത്തെ ലഹരിവിമുക്‌തികേന്ദ്രത്തിൽ കഴിഞ്ഞിട്ടുണ്ടെന്നും അവിടെനിന്ന് ഇറങ്ങിപ്പോന്നെന്നും ഷൈൻ സമ്മതിച്ചു.
ഇന്നലെ പൊലീസ്, ഡാൻസാഫ് സംഘം നടത്തിയ മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഷൈനിനെ അറസ്‌റ്റ് ചെയ്തത്. ലഹരി പരിശോധനയ്ക്ക് എത്തിയ ഡാൻസാഫ് സംഘത്തെ കണ്ട് ഹോട്ടലിൽനിന്ന് ഓടിയത് എന്തിനാണെന്ന് അറിയാനാണു പൊലീസ് നടനെ വിളിപ്പിച്ചതെന്നായിരുന്നു ആദ്യമുള്ള വിവരം. പക്ഷേ അറസ്‌റ്റ് വിവരം പുറത്തുവന്നപ്പോഴാണ് പൊലീസ് തികഞ്ഞ മുന്നൊരുക്കത്തോടെയാണ് നീങ്ങിയതെന്നു വ്യക്തമായത്. NDPS നിയമപ്രകാരമാണ് നടനെതിരെ കേസെടുത്തത്. NDPS നിയമത്തിലെ 27(ലഹരി ഉപയോഗം), 29(ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക) തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.