Monday, September 1, 2025
Mantis Partners Sydney
Home » റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ കൊല്ലപ്പെട്ടു.
റഷ്യ യുക്രൈൻ യുദ്ധം

റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ കൊല്ലപ്പെട്ടു.

റഷ്യ യുക്രൈൻ യുദ്ധം 1028 ദിവസങ്ങൾ പിന്നിട്ടു.

by Editor

മോസ്‌കോ: റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് മരണം. കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം യുക്രൈൻ ഏറ്റെടുത്തു. യുക്രൈനിൽ രാസായുധം പ്രയോഗിച്ചതിനുള്ള തിരിച്ചടിയെന്നാണ് ഇഗോർ കിറിലോവിന്‍റെ കൊലപാതകത്തെ യുക്രൈൻ വിശേഷിപ്പിച്ചത്. ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉന്നത റഷ്യൻ ഉദ്യോഗസ്ഥനാണ് കിറിലോവ്. മോസ്‌കോയിൽ ഒരു അപ്പാർട്‌മെന്റിന് സമീപത്ത് വച്ചാണ് സ്‌ഫോടനമുണ്ടായത്. യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രശംസിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്. യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന ആക്രമണം 1028 ദിവസങ്ങൾ പിന്നിട്ടു.

ഇഗോര്‍ കിറില്ലോവിനൊപ്പം സഹായിയായ സൈനികനും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ് റിപ്പോർട്ടു ചെയ്തു. 2017 ഏപ്രിലിലാണ് ആണവ സംരക്ഷണ സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്. യുക്രെയ്‌നെതിരെ നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചതിന് ഇഗോർ കിറിലോവിനെതിരെ യുക്രെയ്ൻ കോടതി ശിക്ഷ വിധിച്ചിരുന്നു. ക്ലോറോപിക്രിൻ എന്ന വിഷാംശമുള്ള വസ്തു യുദ്ധത്തിൽ എതിരാളികൾക്കെതിരെ ഉപയോഗിച്ചതിന്റെ പേരിൽ ബ്രിട്ടൻ കിറിലോവിന് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഒരാഴ്ചക്കിടയിൽ രണ്ട് ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ് റഷ്യ. ഈ ആക്രമണങ്ങൾക്ക് ഏത് നിലയിലുള്ള തിരിച്ചടിയാകും റഷ്യ നൽകുകയെന്ന ആശങ്കയിലാണ് ലോകം. റഷ്യ – യുക്രൈൻ യുദ്ധം കൂടുതൽ സങ്കീർണമാകാൻ ഈ കൊലപാതകങ്ങൾ കാരണമാകുമോയെന്നും ആശങ്കയുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!