വാഷിങ്ടണ്‍: ജന്മാവകാശപൗരത്വം റദ്ദാക്കാനുള്ള യു.എസ് പ്രസിഡന്റിന്റ് ട്രംപിന്റെ ഉത്തരവ് മറികടക്കാൻ ഇന്ത്യൻ ദമ്പതികൾ പ്രസവ ശസ്ത്രക്രിയയ്ക്ക് തിരക്ക് കൂട്ടുന്നതായി റിപ്പോർട്ട്. ട്രംപിന്റെ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന ഫെബ്രുവരി 20ന് മുമ്പ് സിസേയറിയനിലൂടെയെങ്കിലും കുട്ടികൾക്ക് ജന്മം നൽകാനുള്ള സാധ്യതകളാണത്രെ ആളുകൾ തിരക്കുന്നത്. യു.എസ് മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി ഗർഭിണികളും അവരുടെ ഭർത്താക്കന്മാർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും, ഫെബ്രുവരി 20-ന് മുമ്പ് സിയേറിയൻ ആവശ്യപ്പെട്ട് എത്തിയതായി ഡോക്ടർമാർ പറയുന്നു.
യു.എസില്‍ ജനിച്ച ഏതൊരാള്‍ക്കും അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത് ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരമാണ്. ട്രംപിന്റെ ഉത്തരവുപ്രകാരം നിയമവിരുദ്ധമായും താത്കാലിക തൊഴില്‍ വിസ, വിദ്യാര്‍ഥി-വിനോദസഞ്ചാര വിസകള്‍ എന്നിവയിലും യു.എസിലെത്തിയവര്‍ ജന്മംനല്‍കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇനിമേല്‍ അവിടെ പൗരത്വം അവകാശമായി ലഭിക്കില്ല. മാതാപിതാക്കളില്‍ ഒരാള്‍ക്ക് യു.എസ്. പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഉണ്ടാകണം, അല്ലെങ്കില്‍ യു.എസ്. സൈന്യത്തില്‍ അംഗമായിരിക്കണം തുടങ്ങിയ നിബന്ധനകളാണ് ജന്മാവകാശപൗരത്വത്തിന് ട്രംപ് വെക്കുന്നത്. ഫെബ്രുവരി 20-ന് ശേഷമാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.
താത്കാലിക എച്ച്1-ബി, എൽ1 വിസകളിൽ പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് അമേരിക്കയിൽ ജോലി ചെയ്യുന്നത്. സ്ഥിരതാമസത്തിന് അനുമതി ലഭിക്കുന്ന ഗ്രീൻ കാർഡ് സ്വന്തമാക്കാനുള്ള കാത്തിരിപ്പിലാണ് ഇവർ. ദമ്പതികളിൽ ഒരാൾക്കെങ്കിലും ഗ്രീൻ കാർഡോ അമേരിക്കൻ പൗരത്വമോ ഇല്ലെങ്കിൽ കുട്ടികൾക്ക് പൗരത്വം ലഭിക്കില്ലെന്നത് മനസിലാക്കിയാണ് ഫെബ്രുവരി 20ന് മുമ്പ് പ്രസവ ശസ്ത്രക്രിയക്ക് വിധേയമാകാൻ ആളുകൾ തിരക്ക് കൂട്ടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് കോടതി
അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. വ്യാഴാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് ഉത്തരവിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്തത്. ട്രംപിന്റെ ഉത്തരവിനെതിരെ നിരവധി അമേരിക്കൻ സംസ്ഥാനങ്ങളിൽ ഇതിനോടകം നിയമ നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച് വിവിധ വ്യക്തികളും സംഘനടകളും കോടതികളെ സമീപിക്കുകയായിരുന്നു. അതേസമയം വ്യാഴാഴ്ച പുറത്തുവന്ന സ്റ്റേ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.