മംഗളൂരു: ബണ്ട്വാളിൽ ബൈക്കിൽ എത്തിയ ഒരു സംഘം യുവാവിനെ വെട്ടിക്കൊന്നു. ബണ്ട്വാൾ കൊലട്ടമജലു സ്വദേശി അബ്ദുൾ റഹീമാണ് (42) കൊല്ലപ്പെട്ടത്. ബണ്ട്വാൾ കുരിയാലയ്ക്ക് സമീപമുള്ള ഇരകൊടിയിലാണ് സംഭവം. പിക്ക് അപ്പ് വാഹനത്തിൽ നിന്ന് മണൽ ഇറക്കുന്നതിനിടയിൽ രണ്ടു പേർ വാളുമായെത്തി ആക്രമിക്കുകയായിരുന്നു. റഹീമിനൊപ്പം ജോലി ചെയ്യുകയായിരുന്ന കലന്തർ ഷാഫിക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക പള്ളിയുടെ സെക്രട്ടറിയും പിക്കപ്പ് ഡ്രൈവറും ആയിരുന്നു കൊല്ലപ്പെട്ട അബ്ദുൾ റഹീം.
ഒരു മാസത്തിനിടെ മൂന്നാമത്തെ കൊലപാതകമാണ് മംഗളൂരു മേഖലയിൽ നടക്കുന്നത്. റഹീമിൻ്റെ മൃതദേഹം സൂക്ഷിച്ച സ്വകാര്യ ആശുപത്രിക്ക് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മംഗളൂരു നഗരത്തിലും ദക്ഷിണ കന്നഡ ജില്ലയിലും നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടം കൂടുന്നതിനും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. നഗരത്തിലേക്ക് കൂടുതൽ പൊലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാധ്യതാ മേഖലകളിലും കൂടുതൽ പൊലീസിനെ വിന്യസിച്ചതായി പൊലീസ് അറിയിച്ചു.