ഭരണഘടനയെ ആക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും ഉത്തരവിൽ ഉണ്ട്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഉത്തരവ്. പ്രസംഗത്തിൽ ഭരണഘടനാ ലംഘനം ഇല്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. അഡ്വക്കേറ്റ് ബൈജു നോയൽ തുടരന്വേഷണത്തിനായി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ തീരുമാനം.
2022 ജൂലൈ മൂന്നിനു പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. ഹർജി പരിഗണിച്ച കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കേസിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. അന്വേഷണത്തിൽ പാളിച്ചകളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിച്ചുകൊണ്ട് നൽകിയ റിപ്പോർട്ട് അപൂർണമാണ്. തെളിവുകൾ പരിശോധിക്കപ്പെട്ടിട്ടില്ല. ഫോറൻസിക് പരിശോധനാ ഫലങ്ങളോ മന്ത്രി സജി ചെറിയാന്റെ ശബ്ദ സാമ്പിളുകളുടെ പരിശോധനയോ ഇല്ലാതെയാണ് പൊലീസ് കേസ് അവസാനിപ്പിച്ചതെന്ന് കോടതി പറഞ്ഞു. അതുകൊണ്ടു തന്നെ അന്വേഷണം പൂർത്തിയാക്കണം. എന്നാൽ കുറ്റാരോപിതൻ മന്ത്രിയായതിനാൽ എസ്എച്ച്ഒ തലത്തിൽ അന്വേഷണം നടത്തിയാൽ മതിയാകില്ല. അതുകൊണ്ടു സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കാൻ ഡിജിപി ഉത്തരവിടണമെന്നും കോടതി പറഞ്ഞു.
വിധി പറയും മുന്‍പ് തന്റെ ഭാഗം കൂടി ഹൈക്കോടതി കേള്‍ക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി സൂചിപ്പിച്ചു. തന്റെ ഭാഗം കേള്‍ക്കാതിരുന്ന സാഹചര്യത്തില്‍ വിധി പഠിച്ച് നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.