കടവന്ത്രയിൽ ക്ലിന്റ് ആർട് ഗ്യാലറിയുടെ നിർമാണം അടുത്ത ആഴ്ച ആരംഭിക്കും. 3000 ച. അടി വിസ്തീർണ്ണം, ആറു മാസങ്ങൾ കൊണ്ട് പൂർത്തിയാക്കും. പദ്ധതി ചിലവ് 58 ലക്ഷം രൂപ – GCDA യുടെ തനത് ഫണ്ട്
എഡ്മണ്ട് തോമസ് ക്ലിന്റ്
ആറാം വയസില്‍ ചിത്രകലയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് കടന്നു പോയ ക്ലിന്റിന്റെ ഓര്‍മ്മകള്‍ക്ക് നാൽപ്പത്തിയൊന്ന് വര്‍ഷം പിന്നിട്ടു. 1976 മെയ് 19-ന് എറണാകുളത്ത് എം.ടി ജോസഫിന്റെയും ചിന്നമ്മയുടേയും മകനായി ജനിച്ച ക്ലിന്റ് ചെറുപ്രായത്തില്‍ത്തന്നെ മുപ്പതിനായിരം ചിത്രങ്ങളാണ് വരച്ചു തീര്‍ത്തത്. അക്കാലത്തുനടന്ന പ്രധാനപ്പെട്ട ചിത്രരചനാ മത്സരങ്ങളില്‍ ഒന്നാമതെത്തി കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ശ്രദ്ധയില്‍ എത്തിച്ചേര്‍ന്ന ക്ലിന്റ് നിരവധി പുരസ്‌കാരങ്ങളാണ് നേടിയെടുത്തത്.
2522 ദിസങ്ങള്‍ മാത്രം ഈ ലോകത്ത് ജീവിച്ചു കടന്നു പോയ ഈ ചിത്രകാരന്‍ ഇന്നും മലയാളിയുടെ മനസില്‍ നിലകൊള്ളുന്നുവെങ്കില്‍ ആ പ്രതിഭയുടെ അനന്യമായ കഴിവിനെയാണ് കാണിക്കുന്നത്. ചിത്രകലാ ലോകത്ത് ചെറുപ്രായത്തില്‍ അത്ഭുതങ്ങള്‍ വിതറി കടന്നുപോയ ക്ലിന്റ് എറണാകുളത്തിന്റെ അഭിമാനമാണ്. എങ്കിലും നമുക്കിടയില്‍ നിന്നും കടന്നുപോയിട്ട് നാല്പതോളം വര്‍ഷങ്ങൾ കഴിയുമ്പോള്‍ കൊച്ചി എന്താണ് ആ ഓര്‍മ്മകളെ നിലനിര്‍ത്താന്‍ ചെയ്‌തത് എന്ന ചോദ്യത്തിന് ജിസിഡിഎ ഉത്തരം നൽകുന്നു.
ക്ലിന്റിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ചിലര്‍ എഴുതിയ ഒന്നു രണ്ടു പുസ്തകങ്ങളും സിനിമയും ഡോക്യുമെന്ററിയും അല്ലാതെ മികച്ച നിലയില്‍ ഒരു സ്മാരകം കൊച്ചിയില്‍ ഉണ്ടായിട്ടില്ല. ക്ലിന്റിന്റെ പിതാവിന്റെ മരണശേഷം മാതാവ് ചിന്നമ്മയുടെ പക്കലുള്ള ഏതാണ്ട് മുപ്പതിനായിരത്തോളം ചിത്രങ്ങളും അന്ന് ക്ലിന്റിനുലഭിച്ച പുരസ്‌കാരങ്ങളും ക്ലിന്റെ ഓര്‍മ്മകളെ ഉണര്‍ത്തുന്ന വസ്തുക്കളും എല്ലാം പുതിയ തലമറയ്ക്ക് കാണാനും അത് പ്രചോദനമാകും വിധം പ്രദര്‍ശിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ഒരു ഇടം എന്നത് ക്ലിന്റിനെ സ്‌നേഹിക്കുന്നവരുടെ നാല്പതോളം വര്‍ഷം നീണ്ട സ്വപ്‌നമാണ്. ആ സ്വപ്‌നം സാക്ഷാത്കരിച്ചാല്‍ അത് ക്ലിന്റിന്റെ ഓര്‍മ്മകളോട് ചെയ്യുന്ന നീതിയാണ്. ക്ലിന്റിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി ഒരു സ്ഥിരം ഗാലറിയും അതിനൊപ്പം കുട്ടികള്‍ക്ക് ചിത്രരചനനടത്താനും പഠിക്കാനും സഹവസിക്കാനുമൊക്കെ ഒരിടമായി ക്ലിന്റ് ആർട് ഗ്യാലറി മാസങ്ങൾക്കകം ജിസിഡിഎ സജ്ജമാക്കും. നഗരത്തില്‍ കുട്ടികള്‍ക്കുള്ള പ്രധാന ഇടമായി ക്ലിന്റ് ആർട്ട് ഗ്യാലറിയെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്കായി ഒരു ലൈബ്രറിയും അവിടെ ഒരുക്കും. നിരന്തരം കഥകള്‍ വായിക്കുകയും കേള്‍ക്കാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ക്ലിന്റിനോടുള്ള ഏറ്റവും മികച്ച ട്രിബ്യൂട്ടായി ഈ ഇടം മാറ്റുന്നതാണ്. കുട്ടികൾക്കൊപ്പം തന്നെ പൊതുജനങ്ങൾക്കും ക്ലിന്റ് ചിത്രങ്ങൾ ആസ്വദിക്കാനാകും.
കുരുന്നു പ്രതിഭകളുടെയും മുതിർന്നവരുടെയും കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി എക്സിബിഷനുകൾ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ്.
കടവന്ത്രയിൽ ജിസിഡിഎ മുഖ്യകാര്യാലയത്തിന് സമീപം ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള ഗാന്ധിനഗർ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിലാണ് ആർട് ഗ്യാലറി ഒരുങ്ങുന്നത്. 3000 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള കെട്ടിടഭാഗമാണ് ക്ലിന്റ് ആർട്ട് ഗ്യാലറിയായി പരിവർത്തനം ചെയ്യുന്നത്.
ഗ്യാലറിയുടെ ചുവരുകളിലും വ്യത്യസ്തമായ ഡിസൈനിൽ തയ്യാറാക്കുന്ന പാർട്ടീഷൻ വാളുകളിലും ക്ലിന്റിന്റെ തെരെഞ്ഞെടുത്ത ചിത്രങ്ങൾ കുഞ്ഞുമക്കൾക്കുൾപ്പടെ ആസ്വദിക്കാനാകും വിധം മനോഹരമായി സജ്ജീകരിക്കും. ക്ലിന്റിന്റെ ഓരോ ചിത്രങ്ങളെ കുറിച്ചുള്ള ലഘു വിവരണവും പ്രദർശിപ്പിക്കും. വിർച്വൽ റിയാലിറ്റി, ഓഗ്മെന്റൽ റിയാലിറ്റി എന്നീ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ക്ലിന്റിനൊപ്പം ഭാവനാത്മകമായി കളിച്ചും ചിരിച്ചും സംസാരിച്ചും കുഞ്ഞുങ്ങൾക്ക് ചിത്രങ്ങൾ വരയ്ക്കാനുള്ള സൗകര്യവും ആർട് ഗ്യാലറിയിൽ ഉണ്ടാകും. ഗ്യാലറി സന്ദർശിക്കാനെത്തുന്നവർക്ക് റീഫ്രെഷ്മെന്റിനായി ലഘു കഫെ സ്നാക്സ് ബാറും സജ്ജമാക്കും. പാർക്കിങ് സൗകര്യം ഉണ്ടാകും. ആർട് ഗ്യാലറിയുടെ ഉൾവശം കുട്ടികളുടെ പ്രിയപ്പെട്ട വർണ മനോഹര വിജ്ഞാന ഇടമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് ജിസിഡിഎ സ്വീകരിച്ചിട്ടുള്ളത്. വൃത്തിയുള്ള ശുചിമുറി സൗകര്യവും ഫ്രണ്ട് ഓഫീസ്, ക്ലോക്ക് റൂം സൗകര്യവും സജ്ജമാക്കും. കുട്ടികളുടെ വിസ്മയലോകമായിരിക്കും ക്ലിന്റ് ആർട് ഗ്യാലറി.
ജിഎസ്ടി ഉൾപ്പെടെ 58,00,000 (അമ്പത്തിയെട്ട് ലക്ഷം) രൂപ GCDA യുടെ തനത് ഫണ്ടിൽ നിന്നും ചിലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്. നിർമ്മാണ പ്രവർത്തികൾ അടുത്ത ആഴ്ച ആരംഭിക്കും. ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കും. ക്ലിന്റിന്റെ ചിത്രങ്ങൾ അതോറിറ്റി ഏറ്റെടുക്കുന്നതിനും പരിപാലിക്കുന്നതിനുമായി ക്ലിന്റിന്റെ അനന്തരാവകാശിയുമായി MoU വയ്ക്കുന്നതിനായി സർക്കാരിൽ നിന്നും അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.
കടപ്പാട് : ഫേസ് ബുക്ക്