ന്യൂ ഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തിരശ്ശീല വീണു. നാളെയാണ് വോട്ടെടുപ്പ് . മദ്യ നയ അഴിമതി മുതല്‍ കുടിവെള്ളത്തില്‍ വിഷം വരെ നിറഞ്ഞു നിന്ന ആരോപണങ്ങള്‍ അടക്കം ഉയർന്നതാണ് തെരഞ്ഞെടുപ്പ് പോര്. ആംആദ്മി പാർട്ടിക്കും ബിജെപിക്കും ഒപ്പം കോൺഗ്രസും കളത്തിലിറങ്ങിയ ഒരു മാസത്തെ പ്രചാരണമാണ് ഇന്നലെ അവസാനിച്ചത്.
അമിത് ഷായും ജെപി നഡ്ഡയും രാജ് നാഥ് സിംഗും ബിജെപിക്ക് വേണ്ടിയും, കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർട്ടി സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിന് ഇറങ്ങി. മുഖ്യമന്ത്രി അതിഷിയുടെ മണ്ഡലത്തിലായിരുന്നു ഇന്നലെ അരവിന്ദ് കെജ്രിവാളിന്റെ റോഡ് ഷോ. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൂടെ നിന്ന് പാർട്ടിയെ പരാജയപ്പെടുത്താൻ നോക്കുകയാണെന്ന് പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കെജ്രിവാൾ ആരോപിച്ചു. ക്ഷേമ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കെജ്രിവാളിന് ഇപ്പോഴും നേരിയ മുൻതൂക്കം ഉണ്ടെങ്കിലും, ബജറ്റ് നിർദ്ദേശങ്ങൾക്ക് കിട്ടുന്ന പിന്തുണയിലൂടെ മറികടക്കാം എന്നാണ് ബിജെപിയുടെ പ്രതീക്ഷ. തുടക്കത്തിലെ തിരിച്ചടി മറികടന്ന് അവസാന ദിവസങ്ങളിൽ ശക്തമായ പ്രചാരണം നടത്താൻ ബിജെപിക്കായി. അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ കെജ്രിവാളിൻറെ പിന്തുണയ്ക്ക് വലിയ മാറ്റം ഇല്ലാത്ത സാഹചര്യത്തിൽ ഇടത്തരക്കാരുടെ വോട്ട് ഒന്നിച്ച് ബിജെപിക്ക് മറിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഡൽഹിയിലെ ഫലം.