അവൻ’ കൂടെയുണ്ടായിരുന്നപ്പോൾ അവർ വിശപ്പും ദാഹവും മനസ്സിന്റെ ഭാരവും അറിഞ്ഞിരുന്നില്ല. അവന്റെ’ ഒപ്പമുള്ള യാത്രയിൽ ദൂരങ്ങൾ താണ്ടുന്നത് അവർക്ക് ശ്രമകരമായിരുന്നില്ല. എന്നാൽ ഇന്ന്, ആഴ്ചവട്ടത്തിന്റെ അന്ത്യത്തിൽ അവർ തളർന്നിരിക്കുന്നു. കാൽവരിയിൽ നിന്ന് ഭവനത്തിലേക്കുള്ള ചെറുദൂരം അവർക്ക് ഭാരമേറിയ ചുമടുമായുള്ള പർവ്വതാരോഹണം പോലെയായിരിക്കുന്നു. ദിവസങ്ങൾ നീണ്ട ആകുലതയും മനസ്സിന് ഘനമേറ്റുന്ന കാഴ്ചകളും അനുഭവങ്ങളും കാരണം ഉറക്കം നഷ്ടപ്പെട്ടവരായിരുന്നു അവരിൽ പലരും. ഈ യഹൂദസ്ത്രീകൾ എവിടെ നിന്ന് വരുന്നവരാണ്? കാൽവരിയിലെ യാഗത്തിൽ ജീവൻ നഷ്ടപ്പെട്ട യേശുവിന്റെ കുരിശിന് ചുവടെ നിന്ന സ്ത്രീകൾ ആണവർ. അവന്റെ അമ്മയായ മറിയവും മഗ്ദലക്കാരി മറിയവും ഉൾപ്പെടെ ഉള്ള അവർ യേശുവിനെ കാൽവരിയിലെ കുരിശിൻ ചുവട്ടിൽ നഷ്ടപ്പെട്ടതിനെ കുറിച്ച് ഖിന്നരും ആകുലരുമായിരുന്നു. നിരാശരും ഹതാശയരും ആയ അവരുടെ യാത്ര അവന്റെ കല്ലറയ്ക്ക് മുമ്പിൽ അവസാനിച്ചു. കല്ലറയ്ക്കുള്ളിൽ അവർ കണ്ട കാഴ്ച കൂടുതൽ ഞെട്ടിപ്പിക്കുന്നതായിരുന്നു എങ്കിലും അവർക്ക് ലഭിച്ച സദ്വാർത്ത സർവ്വലോകത്തിനും ഉള്ള മഹാസന്തോഷത്തിന്റെ വാർത്ത ആയിരുന്നു!
‘കർത്താവായ യേശു കബറിൽ നിന്നും ഉയിർത്തെഴുന്നേറ്റ് തന്റെ ശത്രുക്കളെ പിന്നിലേക്ക് അടിച്ചോടിച്ചിരിക്കുന്നു‘!!
പ്രപഞ്ചത്തിൽ ഏവർക്കും രക്ഷയും സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്ന ലോകത്തിന്റെ രക്ഷകൻ ആയി കല്ലറയിൽ നിന്ന് വിരിഞ്ഞ പുഷ്പം ആയ യേശുക്രിസ്തു!! ആ പുഷ്പത്തിന്റെ ദിവ്യസൌരഭ്യം നുകരുവാനും ആസ്വദിക്കുവാനും പകരുവാനും കഴിയുന്നിടത്താണ് എന്റെയും നിങ്ങളുടെയും നോമ്പും ഉപവാസവും അനുഷ്ഠാനങ്ങളും സാർത്ഥകമാവുക!!
ക്യംതാ അതായത് കർത്താവിന്റെ പുനരുത്ഥാനം വേദഗ്രന്ഥത്താളുകളിൽ മാത്രവും അല്പം വിശ്വാസികളുടെ മനസ്സുകളിലും മറഞ്ഞിരിക്കുന്നതുമായ വിശ്വാസം അല്ല. എന്നാലോ, പിതാവിന്റെ നിയോഗത്താൽ കാലത്തികവിൽ ജനിച്ച്, ലോകത്തിന് വെളിച്ചം വിതറിയ വാക്കുകളിലൂടെ അനേകർക്ക് വഴി കാട്ടിക്കൊണ്ട് സഞ്ചരിച്ച, ഏറ്റവും ഹീനമായ മരണത്തെ പുൽകിയ, ഏറ്റവും അവിശ്വസനീയമായ ഇടത്ത് അടക്കപ്പെട്ട്, മൂന്നാം ദിനത്തിൽ ഉയർത്തെഴുന്നേറ്റ ദൈവപുത്രനാണ്!! പഴയ നിയമത്തിന്റെ നിഴലും പരോക്ഷമായ പുനരാവർത്തനവും ആയ പലതും നമുക്ക് കാണുവാൻ കഴിയുന്ന പുതിയ നിയമത്തിലെ ഏറ്റവും മഹത്തായ പ്രതീക്ഷയുടെ നിലാവെട്ടം ആണ് യേശുക്രിസ്തു!! പ്രവാചകനായ യോനാ, മൽസ്യത്തിന്റെ വയറ്റിൽ ദൈവകരുണയിൽ ആയിരുന്നശേഷം പുറത്ത് വന്നതിന്റെ പുനർസൃഷ്ടിയായി കല്ലറയിൽ നിന്ന് ഗുരുത്വാകർഷണത്തെ ചോദ്യം ചെയ്തുകൊണ്ട് ദൈവപുത്രനായ യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ് എന്ന് കാണാം. പ്രപഞ്ചത്തിലെ സാധ്യതകളെ മറികടന്നത് കൊണ്ട് മാത്രം അല്ല, എന്നാൽ ഓർത്തോഡോക്സ് വിശ്വാസം അനുസരിച്ച് അവൻ വീണ്ടും വരുമെന്നുമുള്ള വിശ്വാസമാണ് [അപ്പൊസ്തൊല പ്രവർത്തികൾ 1:11-ഉം, മടക്കിയ കച്ചയും അത് സാക്ഷിക്കുന്നു] നമ്മെ ഇന്നും നാളെയും നയിക്കുന്നത്, നയിക്കേണ്ടത്!!
വി. മത്തായി 27, മർക്കോസ് 15, ലൂക്കോസ് 23 അദ്ധ്യായങ്ങളിൽ യേശുവിന്റെ അന്ത്യദിനങ്ങളെ പറ്റിയുള്ള പരാമർശങ്ങളിൽ നാം വായിച്ചറിയുന്ന സ്ത്രീകളുടെ ധീരതയ്ക്ക് തികച്ചും പ്രധാനമായ സ്ഥാനമുണ്ട്. ആ കാരണത്താലാണ് ആ സദ്വാർത്ത അറിയിക്കുവാനുള്ള ചുമതല ആ സ്ത്രീകൾക്കാണ് നല്കിയത്. അവർക്കൊപ്പം സഭയുടെ വളർച്ചയ്ക്ക് വഴിയും വെള്ളവും വളവുമേകിയ രക്തസാക്ഷികൾ, വിശുദ്ധന്മാർ, ഗുരുക്കന്മാർ, ചരിത്രത്തിൽ അറിയപ്പെടാത്തവരായ ആയിരക്കണക്കിന് നിസ്വാർഥസേവകർ എന്നിവർ കാട്ടിത്തന്ന വഴികളിലൂടെ, പറയാതെ പറഞ്ഞ വാക്കുകളിലൂടെ നമുക്കായി തുറന്നിട്ട വഴികളെയും വിസ്മരിച്ചുകൂടാ. അവർ കത്തിച്ച് പിടിച്ച, ഇന്നും മങ്ങിക്കത്തുന്ന വിളക്കുകളെ ഏറ്റുവാങ്ങി അവയുടെ ജ്വാലയുടെ ശക്തി വർദ്ധിപ്പിച്ച്, അത് യഥാവിധി പരമ്പര-പരമ്പരയാ തലമുറകൾക്ക് കൈമാറപ്പെടുന്നു എന്നുറപ്പ് വരുത്തി മുന്നോട്ട് പോകാൻ നമുക്കും കഴിയേണ്ടതുണ്ട്.
ഈ ഉയിർപ്പ് പെരുന്നാൾ നാളെയുടെ വഴികളിൽ വെളിച്ചം ആവോളം വിതറി നമുക്ക് പ്രത്യാശയും ആത്മവിശ്വാസവും, ഉറച്ച വിശ്വാസവും പ്രദാനം ചെയ്യുന്ന ദീപസ്തംഭമായി നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ പ്രയാണം തുടരാം!! നമ്മുടെ മാതൃസഭ പരിശീലിപ്പിച്ച മാർഗ്ഗങ്ങളിലൂടെ, വെല്ലുവിളികളെ തരണം ചെയ്ത്, മുഴങ്ങുന്ന ശബ്ദത്തിൽ നമുക്ക് ഏറ്റുപറയാം:
“സഹോദരന്മാരേ, ഒരു പുതിയ വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു, മശിഹാ കബറിൽ നിന്നും ഉയിർത്തെഴുന്നേറ്റ് തന്റെ ശത്രുക്കളെ പിന്നിലേക്ക് അടിച്ചോടിച്ചിരിക്കുന്നു!!
സത്യമായും അവൻ ഉയിർത്തെഴുന്നേറ്റു എന്ന് ഞങ്ങൾ വിശ്വസിച്ച് ഏറ്റുപറയുന്നു!!”
അജോയ് ജേക്കബ് ജോർജ്
അഴൂർ / മാക്കാംകുന്ന് / കുവൈറ്റ്.