ലോകപ്രശസ്ത കാർഡിയാക് സർജൻ ഡോ. കെ എം ചെറിയാൻ (82) അന്തരിച്ചു. ഇന്നലെ രാത്രി 11.50-ന് മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ഫ്രോണ്ടിയർ ലൈഫ്‌ലൈൻ ഹോസ്പിറ്റലിന്റെ സ്ഥാപകനാണ് അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ 1975 -ൽ ചെന്നൈയിലെ പെരമ്പൂരിലെ സതേൺ റെയിൽവേ ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ നടത്തി. 1995 -ൽ ഇന്ത്യയിലെ രണ്ടാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ രാജ്യത്തെ ആദ്യത്തെ ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കൽ, രാജ്യത്തെ ആദ്യത്തെ ശിശുരോഗ ഹൃദയ ശസ്ത്രക്രിയ എന്നിവയും അദ്ദേഹം നടത്തി.
1991 -ൽ ഇന്ത്യ സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. 1990 മുതൽ 1993 വരെ ഇന്ത്യൻ രാഷ്ട്രപതിയുടെ ഓണററി സർജൻ ആയിരുന്നു ഡോ. കെ എം ചെറിയാൻ. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ ആദ്യ അംഗവുമായിരുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് കാർഡിയാക് തൊറാസിക് സർജന്റെ സെക്രട്ടറിയും പ്രസിഡൻ്റുമായിരുന്നു. പീഡിയാട്രിക് കാർഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷന്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറുമായിരുന്നു.
കേരളത്തിലെ കായംകുളത്തുള്ള കോട്ടുരത്തു വീട്ടിൽ മാമ്മന്റെ മകനായി ജനിച്ച ചെറിയാൻ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ സർജറിയിൽ ലക്ചററായി തന്റെ കരിയർ ആരംഭിച്ചു. 1970 -ൽ അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. ഓസ്‌ട്രേലിയയിലെ ഒരു യുവ കുടിയേറ്റക്കാരനെന്ന നിലയിൽ, ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള സെന്റ് വിൻസെന്റ് ആശുപത്രിയിൽ ജോലി ചെയ്യാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു. 26 വയസ്സുള്ളപ്പോൾ ആദ്യത്തെ ഓപ്പൺ ഹാർട്ട് സർജറി നടത്തി. 1973 -ൽ കാർഡിയോതൊറാസിക് സർജറിയിൽ FRACS ചെയ്തു. ന്യൂസിലൻഡിലും ജോലി ചെയ്ത അദ്ദേഹം പിന്നീട് അമേരിക്കയിലേക്ക് കുടിയേറി.
ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സെസും മെഡിക്കൽ സയൻസ് പാർക്കുമായ ഫ്രോണ്ടിയർ ലൈഫ്‌ലൈൻ ഹോസ്പിറ്റലിന്റെയും ഫ്രോണ്ടിയർ മെഡിവില്ലെയുടെയും സ്ഥാപക ചെയർമാനാണ്. അദ്ദേഹത്തിന്റെ ചാരിറ്റബിൾ ട്രസ്റ്റ് കേരളത്തിലെ പരുമലയിൽ സെന്റ് ഗ്രിഗോറിയോസ് കാർഡിയോ വാസ്കുലർ സെന്റർ നിർമ്മിച്ചു, കല്ലിശ്ശേരിയിൽ കെ.എം ചെറിയാൻ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ട്രസ്റ്റ് പുതുച്ചേരിയിൽ “ദി സ്റ്റഡി – എൽ’കോൾ ഇന്റർനാഷണൽ” എന്ന പേരിൽ ഇന്റർനാഷണൽ സിബിഎസ്ഇ സ്കൂൾ നടത്തുന്നു.
ഇന്നലെ വൈകിട്ട് അദ്ദേഹം ബാംഗ്ലൂർ ഒരു പുസ്തക പ്രകാശനത്തിന് പോയിരുന്നു തിരികെ റൂമിൽ എത്തി അസ്വസ്ഥത പ്രക്ടിപ്പിച്ചു അങ്ങനെ ബാംഗ്ലൂർ മണിപാൽ ഹോസ്പിറ്റലിൽ എത്തിച്ചു ഇന്ന് വെളുപ്പിന് മരണംസംഭവിച്ചു. ചെങ്ങന്നൂർ കോട്ടൂരത്തു കുടുംബാംഗം ആണ്.