കൊച്ചി: ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഹോട്ടൽ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോ. പൊലീസാണ് വന്നതെന്ന് അറിയില്ലായിരുന്നുവെന്നും തമിഴ്‌നാട്ടിലേക്കാണ് പോയതെന്നും ഷൈൻ പറഞ്ഞു. ചോദ്യം ചെയ്യലിനിടെയാണ് ഷൈൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. സെന്‍ട്രൽ എസിപി സി.ജയകുമാർ, നാർക്കോട്ടിക് എസിപി കെ.എ. അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയിരിക്കുന്നത്. ഷൈനിന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ലഹരി ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്നാണ് ഷൈനിൻ്റെ വാദം. വൈദ്യപരിശോധനയ്ക്കായി ഉടൻ തന്നെ പൊലീസ് ഷൈനെ ആശുപത്രിയിലെക്കു കൊണ്ടുപോകുമെന്നാണ് സൂചന.