ടൂറിസ്റ്റുകളുടെ ഇഷ്ടദ്വീപായ സാൻഡോരിനിയിൽ 200-ഓളം ഭൂചലനങ്ങൾ തുടർച്ചയായി രേഖപ്പെടുത്തിയതോടെ വിനോദസഞ്ചാരികളെ ഒഴിപ്പിക്കാൻ തീവ്രശ്രമവുമായി അധികൃതർ. കഴിഞ്ഞ വെള്ളിയാഴ്ച മുതലായിരുന്നു ഗ്രീക്ക് ദ്വീപായ സാൻഡോരിനിയിൽ ഭൂകമ്പവും തുടർചലനങ്ങളും അനുഭവപ്പെടാൻ തുടങ്ങിയത്. സമുദ്രത്തിനടിയിൽ നിന്ന് 200-ലധികം ചലനങ്ങൾ നാല് ദിവസത്തിനിടെ രേഖപ്പെടുത്തി. ഈഗൻ കടലിലെ അമോർഗോസ്, സാൻഡോരിനി എന്നീ ദ്വീപുകളിലാണ് ഭൂചലനങ്ങളുണ്ടായത്. ഇരുദ്വീപുകളിലും സജീവ അഗ്നിപർവതങ്ങളുണ്ട്. മുൻകരുതലിന്റെ ഭാഗമായി ദ്വീപിലെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്. ടൂറിസ്റ്റുകൾക്ക് ദ്വീപിൽ നിന്ന് അതിവേഗം മടങ്ങാനായി അധിക ഫ്ലൈറ്റ് സർവീസുകളും സാൻഡോരിനിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗ്രീസിലെ പ്രധാന ഭൂവിഭാഗത്തിന്റെ തെക്ക് കിഴക്ക് 200 കി. മീ. തെക്കൻ ഈജിയൻ കടലിലെ ഒരു ദ്വീപാണ് സാൻഡോരിനി. ഏതന്‍സിനും ക്രീറ്റിനും മദ്ധ്യത്തിലായി ഈജിയന്‍ കടലിലാണ് സാന്‍ഡോരിനി സ്ഥിതി ചെയ്യുന്നത്. അഗ്നിപര്‍വ്വതദ്വീപായതിനാല്‍ ‘തിര’ എന്നാണ് ഇതിന്‍റെ ഔദ്യോഗിക നാമം. ‘സൈക്ളേഡ്സ്’ ദ്വീപു സമൂഹത്തിന്‍റെ ഭാഗമാണ് സാന്‍ഡോരിനി. സാന്‍ഡോരിനിയുടെ ഓരോ ഭാഗവും അതിസുന്ദരമാണ്. എവിടെ നോക്കിയാലും കാണുന്ന വെളുത്ത പെയിന്‍റടിച്ച വീടുകള്‍ സാന്‍ഡോരിനിയെ സ്വര്‍ഗ്ഗതുല്യമാക്കുന്നു. ഗ്രീസിലെ സ്വർഗം, മാന്ത്രിക ദ്വീപ് എന്നെല്ലാമാണ് സാൻഡോരിനി ദ്വീപ് അറിയപ്പെടുന്നത്. മധുവിധു ആഘോഷിക്കുന്ന ദമ്പതികളുടെ ഇഷ്ടകേന്ദ്രം കൂടിയാണിത്.
വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഇടമാണ് സാന്‍ഡോരിനി. ജൂലൈ, ആഗസ്റ്റ് സമയത്ത് ഇങ്ങോട്ടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കായിരിക്കും. പ്രതിവര്‍ഷം രണ്ടു മില്ല്യന്‍ ടൂറിസ്റ്റുകളാണ് ഇവിടെയെത്തുന്നത്. സഞ്ചാരികളെ കാത്ത് ക്രൂയിസുകളും ടൂറിസ്റ്റ് കമ്പനികളും ഇവിടെ ധാരാളമുണ്ട്. ഇന്ത്യയില്‍ നിന്ന് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യം ഏതന്‍സിലേക്ക് വേണം പോകാന്‍. അവിടെ വിമാനമിറങ്ങിയ ശേഷം സാന്‍ഡോരിനിയിലേക്ക് വീണ്ടും മറ്റൊരു വിമാനം കയറിയോ ഫെറി സൗകര്യം ഉപയോഗപ്പെടുത്തിയോ എത്തിച്ചേരാവുന്നതാണ്.