കോട്ടയം വടവാതൂർ സെവൻത് ഡേ സ്‌കൂളിൽ ക്ലാസിൽ നിന്ന് ലഭിച്ച ഒരു ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ നാല് വയസുകാരൻ മയങ്ങി വീണു. വീട്ടിൽ എത്തിയതിനു ശേഷം കുട്ടിക്ക് അമിതമായ ഉറക്കം അനുഭവപ്പെട്ടതോടെയാണ് മാതാപിതാക്കൾ ആശങ്കയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ ചോക്ലേറ്റിൽ ലഹരിയുടെ അംശം കണ്ടെത്തി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ക്ലാസില്‍ പൊട്ടിച്ചുവെച്ചിരുന്ന നിലയിൽ കണ്ട ചോക്ലേറ്റ് കുട്ടി കഴിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. വടവാതൂരിലെ സ്വകാര്യ സ്കൂൾ അധികൃതർക്ക് ക്ലാസ് മുറിയിൽ എങ്ങനെ ചോക്ലേറ്റ് എത്തിയെന്ന് അറിയില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകിയത്. കുട്ടി ആശുപത്രി വിട്ടെങ്കിലും ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതെ ഉള്ളൂവെന്ന് കുടുംബം പറഞ്ഞു.