കണ്ണൂർ: തിരുവനന്തപുരം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണം ഉയരുമ്പോൾ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുറവാണ്. 2023-24 സാമ്പത്തിക വർഷത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം 6.7 ശതമാനം കുറഞ്ഞതായി 2024-ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. യാത്രക്കാരുടെ എണ്ണത്തിൽ നേരിട്ട ഇടിവ് വരുമാനത്തിലും രാജ്യാന്തര സർവീസുകളുടെ എണ്ണത്തിലും തിരിച്ചടിയായി. 2022-23-ൽ 6233 രാജ്യാന്തര വിമാനങ്ങൾ സർവീസ് നടത്തിയിരുന്നെങ്കിൽ 2023-24-ൽ ഇത് 5002 ആയി കുറഞ്ഞു. അതേസമയം ആഭ്യന്തര വിമാനങ്ങളുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തി. 2022-23-ൽ 5791 ആഭ്യന്തര വിമാനങ്ങളാണ് സർവീസ് നടത്തിയതെങ്കിൽ 2023-24-ൽ ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 5969 ആയി ഉയർന്നിട്ടുണ്ട്. 2023-24-ൽ 99.2 കോടി രൂപ മാത്രമാണ് കിയാലിൻ്റെ വരുമാനം. 2022-23-ൽ ഇത് 112.6 കോടി രൂപയായിരുന്നു.
വിദേശ വിമാനക്കമ്പനികൾക്ക് നേരിട്ട് സർവീസ് നടത്താൻ അനുവാദം നൽകുന്ന ‘പോയിന്റ് ഓഫ് കോൾ’ അംഗീകാരം ലഭിക്കാത്തതിന്റെ പ്രതിസന്ധിയാണ് കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് തടസ്സമായി തുടരുന്നത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിൽ, പോയിന്റ് ഓഫ് കോൾ പദവി ഇല്ലെന്ന കാര്യം കേന്ദ്രസർക്കാർ പി. സന്തോഷ് കുമാർ എംപിയുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു.
നിലവിൽ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്തുന്നത്. അബുദാബി, ദുബായ്, ജിദ്ദ, റിയാദ്, റാസൽഖൈമ, ബെഹ്റിൻ, കുവൈറ്റ്, ഷാർജ, ദമാം, ദോഹ, ഹൈദരാബാദ്, ബെംഗളൂരു, തിരുവനന്തപുരം, കൊച്ചി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കാണ് കണ്ണൂരിൽ നിന്ന് സർവീസ് ഉള്ളത്. കണ്ണൂരിന് പുറമേ, കാസർകോട്, വയനാട്, കോഴിക്കോട്, ജില്ലകളിൽ നിന്നുള്ളവർക്ക് ഏറെ പ്രയോജനകരമാണ് കണ്ണൂർ വിമാനത്താവളം. ഇതിന് പുറമേ, കൂർഗ്, മൈസൂർ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും കണ്ണൂർ വിമാനത്താവളം ബദൽ മാർഗമാണ്.
തിരുവനന്തപുരം, നെടുമ്പാശേരി എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തുമ്പോഴാണ് കണ്ണൂരിന്റെ ശോചനീയാവസ്ഥ. ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള മൂന്നാമത്തെ വിമാനത്താവളമായി നെടുമ്പാശേരി മാറി. നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 18 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. വരുമാനത്തിന്റെ കാര്യത്തിൽ, നെടുമ്പാശേരി 2023-24 ൽ പ്രവർത്തനങ്ങളിൽ നിന്ന് 2,933.59 കോടി രൂപ നേടി. 2022-23 ലെ 2,662.3 കോടിയിൽ നിന്ന് 10.2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. കേരളത്തിലെ മറ്റൊരു പ്രധാനപ്പെട്ട വിമാനത്താവളമായ തിരുവനന്തപുരവും യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി.