തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായി കെഎസ്ആർടിസി ആരംഭിച്ച ഡ്രൈവിങ് സ്കൂൾ പദ്ധതിയിൽ നിന്ന് 27,86,522 രൂപ ലാഭം. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി ആറു മാസം പിന്നിടുമ്പോഴാണ് ഇത്രയും തുക ലാഭമായി നേടിയതെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ 661 പേർ ഡ്രൈവിങ് പഠനത്തിന് ചേർന്നു. കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിൽ പഠനം കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികൾ സധൈര്യം സ്വന്തം വണ്ടി ഓടിച്ചു പോകും എന്ന വാക്കു പാലിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം എല്ലാ കെഎസ്ആർടിസി ബസുകളിലും അകത്തും പുറത്തും കാമറ ഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. യാത്രക്കാർ കൈ കാണിച്ചിട്ട് ബസ് നിർത്താതെ പോയാൽ നടപടി എടുക്കും. സാധാരണക്കാർ ആശ്രയിക്കുന്ന സൂപ്പർഫാസ്റ്റ് ബസുകൾ എസിയാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ ബസ് ട്രെയലിന് നൽകുകയാണ്. കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഒരുമാസം അഞ്ചു ഡിപ്പോകളിൽ ചെക്കപ്പുകൾ നടത്തും. കെഎസ്ആർടിസിയുടെ നഷ്ടം കുറച്ചു കൊണ്ടുവരാൻ കഴിയുന്നു എന്നത് മികച്ച നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.