Monday, September 1, 2025
Mantis Partners Sydney
Home » കുട്ടിത്തത്തിൽ നിന്നുള്ള വളർച്ച
കുട്ടിത്തത്തിൽ നിന്നുള്ള വളർച്ച

കുട്ടിത്തത്തിൽ നിന്നുള്ള വളർച്ച

എൻ്റെ എം ടി - ഭാഗം 3

by Editor

എൻ്റെ നാടിനെ എംടിയുടെ കൂടല്ലൂരെന്ന് ഞാൻ വിചാരിക്കുന്നത് ഹൈസ്കൂൾ പ്രായത്തിലാണ്. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ധാരാളം ഡിക്റ്ററ്റീവ് നോവലുകൾ വായിച്ചിരുന്നു. ഒരു ദിവസം മലയാളം പഠിപ്പിക്കുന്ന കുഞ്ഞിരാമൻ മാഷ്, മഹാഭാരതം കഥ എം ടി മാറ്റി എഴുതി എന്ന് പറഞ്ഞപ്പോൾ എനിക്ക് സംശയം തോന്നി. ഉണ്ടായ ഒരു കഥ മറ്റൊരാൾക്ക് മാറ്റി എഴുതാൻ കഴിയുമോ? കലാകൗമുദിയിൽ രണ്ടാമൂഴം തുടർച്ചയായി അച്ചടിച്ചു വന്ന കാര്യമൊന്നും ഞങ്ങൾ കുട്ടികൾ അറിഞ്ഞില്ല. മാഷ് പറഞ്ഞതുമില്ല. എന്തായാലും ജീവിതത്തിലാദ്യമായി എം ടി എന്ന പേര് കേൾക്കാൻ അതൊരു നിമിത്തമായി.

അതിനു മുമ്പ് എഴുത്തുകാർ എന്ന് പറഞ്ഞ് അറിയാവുന്നത് പാഠപുസ്തകത്തിലുണ്ടായിരുന്ന കവിത്രയങ്ങളെയും ടാഗോറിനെയും കാളിദാസനെയും ടോൾസ്റ്റോയിയേയും ചങ്ങമ്പുഴയേയും വൈലോപ്പിള്ളിയേയും ഒക്കെയായിരുന്നു. വീട്ടിൽ എല്ലായിപ്പോഴും റേഡിയോപ്പാട്ട് ഉള്ളതു കൊണ്ട് വയലാറും, എൻ വിയും, പി ഭാസ്കരനും സുപരിചിതരായിരുന്നു. ശ്രീകുമാരൻ തമ്പി പാഠങ്ങളിലൊന്നും ഉണ്ടായിരുന്നില്ല.

പിന്നെ, ആറാം ക്ളാസിൽ പഠിക്കുമ്പോൾ മാന്യ ഗുരു സ്കൂളിൽ നിന്ന് വായിക്കാൻ തന്ന പാവങ്ങൾ, വിക്ടർ യൂഗോയേയും പരിചിതനാക്കി. കൂടാതെ, എൻ്റെ തന്നിഷ്ട പ്രകാരം വായിച്ച ഡിക്റ്ററ്റീവ് നോവലുകൾ മുഖേന കോട്ടയം പുഷ്പനാഥ്, ദുർഗാ പ്രസാദ് ഖത്രി, ബാറ്റൺ ബോസ് ഇവരും. ഇക്കൂട്ടത്തിലേക്കാണ് മാഷുടെ വാക്കുകളിൽ നിന്ന് മഹാഭാരതം മാറ്റി എഴുതിയ വീരൻ കടന്നു വന്നത്. ലൈബ്രറി പുസ്തകങ്ങളിൽ എം ടി യെ തിരയാൻ സാഹചര്യം രൂപപ്പെട്ടത് അങ്ങനെയാണ്. പരതി പരതി നാലുകെട്ട് കൈയിൽ കിട്ടി. അതാണ് എംടിയുടെ ആദ്യ നോവൽ എന്നൊന്നുമറിയില്ല.

വടക്കേപ്പാട്ടേ പാറുക്കുട്ടിയമ്മയെ തറവാട്ടിൽ നിന്ന് പുറത്താക്കിയത് അവർ പകിട കളിക്കാരനായ കോന്തുണ്ണി നായരെ കല്യാണം കഴിച്ചത് കൊണ്ടാണ്. ഇവരുടെ മകനാണ് അപ്പുണ്ണി. കല്യാണ ശേഷം പകിടമതിയാക്കി കൃഷി തുടങ്ങിയ കോന്തുണ്ണി നായരുടെ ചങ്ങാതിയായിരുന്നു സെയ്താലിക്കുട്ടി. താൻ കൂടി അനുഭവിക്കേണ്ട തറവാട്ടു സുഖ സൗകര്യ സന്തോഷങ്ങൾ അമ്മ അച്ഛനെ കല്യാണം കഴിച്ചതു കൊണ്ടല്ലേ ഇല്ലാതായത് എന്ന് ചിന്തിക്കുന്ന അപ്പുണ്ണി. പണത്തിൻ്റെ ആവശ്യത്തിനായി സെയ്താലി കോന്തുണ്ണിയെ ചതിയിലൂടെ കൊന്നപ്പോൾ ആ കുടുംബം അനാഥമായി. കാര്യസ്ഥൻ ശങ്കരൻ നായരെയും ചേർത്ത് അമ്മയെക്കുറിച്ച് നാട്ടിൽ അപവാദം പറഞ്ഞപ്പോൾ അസ്വസ്ഥനായ അപ്പുണ്ണി വീട്ടിൽ നിന്നിറങ്ങി, അച്ഛനെ കൊന്ന സെയ്താലിയെ കാണുന്നു.

എൻ്റെ പ്രായത്തിലുള്ള ഒരു കുട്ടിയായതിനാൽ വായനയുടെ ആദ്യ ഘട്ടത്തിൽ അപ്പുണ്ണി എനിക്ക് കൂട്ടുകാരനായി. അതിനുമുമ്പ് പൂമ്പാറ്റയിലെ കപീഷ്, ഇള, ബാലരമയിലെ മായാവി, രാജു, രാധ ഇവരൊക്കെയായിരുന്നു പ്രിയപ്പെട്ടവർ.

അപ്പുണ്ണി വന്നതോടെ കഥ മാറി – പ്രായത്തിലും മുതിർന്ന അവൻ്റെ മനോനിലകൾ എനിക്കും പകർന്നു പ്രായത്തിൽ കവിഞ്ഞ മാനസിക ലോകം. തുടക്കത്തിൽ അപ്പുണ്ണിയുടെ അമ്മയോടുള്ള ദേഷ്യവും അച്ഛനെ കൊന്നയാളുമായുള്ള കൂട്ടു കെട്ടും എനിക്ക് അംഗീകരിക്കാനേ കഴിഞ്ഞില്ല. വായനയ്ക്കിടയിൽ ഞാൻ അപ്പുണ്ണിയോട് പിണങ്ങി. എന്നാൽ പഠിച്ച് ജയിക്കുകയും സെയ്താലിയുടെ സഹായത്തോടെ വയനാട്ടിൽ ജോലി നേടുകയും ചെയ്ത അപ്പുണ്ണി എൻ്റെ മുന്നിൽ ഒരു വീരപുരുഷനായി നിവർന്നു നിന്നു. എന്നോടൊപ്പം നടന്ന അപ്പുണ്ണി എന്നേക്കാൾ എത്രയോ വളർന്നു. പണിയെടുത്ത് സമ്പാദിച്ച പണം കൊണ്ട് വല്യമ്മാവനിൽ നിന്ന് തറവാട് വാങ്ങി അമ്മയെയും കൂട്ടി ആ പടി കയറുന്നു അപ്പുണ്ണി. മധുരപ്രതികാരം എന്താണെന്ന് പിൽക്കാലത്ത് ഞാൻ മനസ്സിലാക്കിയത് ഈ അപ്പുണ്ണിയിലൂടെയാണ്.

അപ്പുണ്ണിയുടെ ജീവിത സാഹചര്യങ്ങൾ കുറേയൊക്കെ എനിക്കും ബാധകമായിരുന്നു. ആലക്കാട്ട് തെങ്ങുന്തറ തറവാട്ടിൽ അമ്മമ്മയും ഇളയമ്മമാരും അമ്മാവന്മാരുമൊത്ത് കഴിഞ്ഞ കൂട്ടുകുടുംബ സന്തോഷം എനിക്കും നഷ്ടമായി.

തൊഴിലില്ലായ്മയും സാമ്പത്തിക പ്രാരബ്ധവും അമ്മയ്ക്കും അച്ഛനും അവരുടെ തറവാടുകളിൽ ഇടം നഷ്ടപ്പെടുത്തിയത് കൊണ്ടാവാം വേറേ താമസിക്കേണ്ടി വന്നത്. അമ്മയുടെ അമ്മാവനായിരുന്നു അച്ഛൻ്റെ അച്ഛൻ. അച്ഛാച്ഛൻ ആ സ്ഥലം അമ്മമ്മയ്ക്ക് കൊടുത്തു. കരിവെള്ളൂരേ ആ സ്ഥലത്താണ് വല്യമ്മാവൻ ഞങ്ങൾക്ക് വീട് കെട്ടിത്തന്നത്. ബാല്യത്തിൻ്റെ സങ്കൽപ്പ ലോകത്തു നിന്ന് വീട്ടിലെയും നാട്ടിലെയും യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണ് തുറക്കാൻ എന്നെ പ്രാപ്തനാക്കിയത് നാലു കെട്ടിലെ അപ്പുണ്ണിയാണ്. കൗമാരം ആരംഭിക്കുന്നത് പതിമൂന്നാം വയസ്സിലാണല്ലോ – എട്ടാം ക്ളാസ് പ്രായം. ആ സമയത്താണ് എൻ്റെ ഈ നാലു കെട്ട് വായന.

പഴയ ഡമ്മി വൺ എയിറ്റ് സൈസായിരുന്നു എനിക്ക് കിട്ടിയ നാലുകെട്ട്. പഴക്കം കൂടിയതിനാൽ പേജുകൾ കൂടുതൽ മഞ്ഞയായി. പല കൈ മാറി വായിച്ചതിനാൽ വല്ലാതെ മുഷിഞ്ഞു പോയി. ഞാൻ അതിൻ്റെ പൊതി മാറ്റി പുതിയൊരു പത്രക്കടലാസ് കൊണ്ട് ഭംഗിയിൽ പൊതിഞ്ഞു. പൊതി ഭംഗിയാക്കാൻ അച്ഛൻ്റെ സഹായവുമുണ്ടായിരുന്നു.

ഞാനാ പൊതിക്കു മുകളിൽ നീലമഷിയുള്ള പേന കൊണ്ട് വലുതായി എഴുതി – നാലു കെട്ട്. താഴെ എം. ടി എന്നും. അതു കണ്ട് അമ്മ പറഞ്ഞു – വങ്ങാട്ട് വീട് ഒരു നാലു കെട്ടാണ്. ഞാൻ അദ്ഭുതപ്പെട്ടു – അമ്മയോടൊപ്പം ഇടയ്ക്ക് വങ്ങാട്ടെ കുളത്തിൽ കുളിക്കാൻ പോകാറുണ്ട്. അനുജനോടൊപ്പം മീൻ പിടിക്കാനും പോയിട്ടുണ്ട്. വടക്കിനിയും തെക്കിനിയും മുന്നിറയവും പിന്നിറിയവും ഇടയിൽ നടുമുറ്റവും മുന്നിൽ പടിപ്പുരയുമുള്ള ആ നാലു കെട്ടിൻ്റെ അകത്തളത്തിൽ കയറി എത്ര ഒളിച്ചു കളിച്ചതാണ്.

അമ്മ വങ്ങാട്ട് തറവാട് നാലു കെട്ടാണെന്ന് പറഞ്ഞപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്. ആലക്കാട്ട് ആറാം കുന്ന് കയറി സ്കൂളിലേക്ക് പോകാറുള്ള വഴിയിലെ മണിപ്പില്ലവും ഒരു നാലു കെട്ടായിരുന്നല്ലോ.

തുടരും …

പ്രകാശൻ കരിവെള്ളൂർ

അജ്ഞാതൻ്റെ ഉയരാത്ത സ്മാരകം

Send your news and Advertisements

You may also like

error: Content is protected !!