വയനാട്: കാനഡയിൽ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയ കേസിൽ പാലക്കാട് സ്വദേശിനി അറസ്റ്റിൽ. കോരഞ്ചിറ മാരുകല്ലേൽ വീട്ടിൽ അർച്ചന തങ്കച്ചൻ (28) എന്ന യുവതിയാണ് പിടിയിലായത്. 2023 ഫെബ്രുവരിയിൽ ഇൻസ്റ്റാഗ്രാം പരസ്യത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തട്ടിപ്പിലാണ് അറസ്റ്റ്. ‘ബില്യൺ എർത്ത് മൈഗ്രേഷൻ’ എന്ന സ്ഥാപനത്തിന്റെ പേരിൽ, കാനഡയിലെ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പരസ്യം കണ്ടു ബന്ധപ്പെട്ട മൊതക്കര സ്വദേശിനിയുടെ കയ്യിൽ നിന്ന് യുവതി മൂന്ന് ലക്ഷത്തിരുപതിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് അർച്ചനയെ പൊലീസ് പിടികൂടിയത്. കൂടുതൽ അന്വേഷണം നടത്തുന്നതിൽ എളമക്കര സ്റ്റേഷനിലും അർച്ചനയ്‌ക്കെതിരെ സമാനമായ പരാതിയുണ്ട്. വയനാട് വെള്ളമുണ്ട പൊലീസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനായി വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ച് ആളുകളെ ചതിക്കാനുള്ള ശ്രമങ്ങൾക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പൊതുജനങ്ങൾ ഇത്തരം ജോലി വാഗ്ദാനങ്ങളെ സംബന്ധിച്ച് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സംശയകരമായ സന്ദേശങ്ങൾ, പരസ്യങ്ങൾ എന്നിവയെ വിശ്വസിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികൾ വഴി അവയുടെ സത്യാവസ്ഥ പരിശോധിക്കുക .