പാലക്കാട്: ഒറ്റപ്പാലം വിദ്യാധിരാജ് ഐടിഐയിലെ വിദ്യാർത്ഥി സഹപാഠിയുടെ അതിക്രൂര മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ കുട്ടിയുടെ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി മുന്നോട്ട് വരികയായിരുന്നു. മർദ്ദനത്തെത്തുടർന്ന് കുട്ടിയുടെ മൂക്കിന്റെ പാലം രണ്ടര സെന്റീമീറ്റർ അകത്തേക്ക് കടന്നതിനൊപ്പം കണ്ണിനോടും മൂക്കിനോടും ചേർന്ന ഭാഗം തകർന്നതായും മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തലച്ചോറിലേക്കുള്ള ഞരമ്പുകളെ ബാധിച്ച സാഹചര്യത്തിൽ വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരമാണെന്ന് കുടുംബം വ്യക്തമാക്കി.
സഹപാഠി കിഷോർ ആണ് സാജനെ ആക്രമിച്ചതെന്ന് ആണ് എഫ്‌ഐആറിൽ. ക്ലാസ് മുറിയിൽ യാതൊരു പ്രകോപനവുമില്ലാതെയാണ് കിഷോർ സാജനെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകി. കിഷോർ, തമ്പോല ടീം എന്ന ഗ്യാങ്ങിന്റെ പിന്തുണയോടെയാണ് ആക്രമണം നടത്തുന്നത് എന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. നേരത്തെ തന്നെ കുട്ടിയെ നിരന്തരം ആക്രമിക്കാറുണ്ടായിരുന്നെന്നും ചോദ്യം ചെയ്താൽ തമ്പോല ടീമിനെ ഉപയോഗിച്ച് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒറ്റപ്പാലം പൊലീസ് കിഷോറിനെതിരെ കേസെടുത്തു. സാജൻ ചികിത്സയിൽ തുടരുന്നുവെന്നും, തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമാണെന്നും പിതാവ് അഡ്വ. ജയചന്ദ്രൻ അറിയിച്ചു. മർദ്ദനത്തിന് പിന്നിലെ കാരണം എന്താണ് എന്നതിലേക്കുള്ള അന്വേഷണത്തിലാണ് പോലീസ്.