ന്യൂ ഡൽഹി: സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായിരുന്ന എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ ലഭിച്ചു. ഹോക്കി താരമായിരുന്ന പി.ആർ ശ്രീജേഷ്, നടി ശോഭന, ആരോഗ്യരംഗത്തെ സേവനത്തിന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവർക്ക് പത്മഭൂഷൺ ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ചലച്ചിത്ര താരമെന്ന നിലയിലാണ് ശോഭനയ്ക്ക് പത്മഭൂഷൺ. മുൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ, ഗായിക കെ. ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീയും ലഭിച്ചു. 76- ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് പത്മ പുര്‌സ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. എം.ടി വാസുദേവൻ നായർ ഉൾപ്പെടെ ഏഴ് പേരാണ് പത്മ വിഭൂഷണ് അർഹരായത്. സാഹിത്യ, വിഭ്യാഭ്യാസ രംഗത്ത് എംടിക്ക് മാത്രമാണ് പുരസ്‌കാരം ലഭിച്ചത്.
ആകെ ഏഴു പേർക്കാണ് പത്മവിഭൂഷൺ. 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയുമുണ്ട്. സുസുക്കി സ്ഥാപകൻ ഒസാമു സുസുക്കിക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഡി നാഗേശ്വര്‍ റെഡ്ഡി- മെഡിസിന്‍- തെലങ്കാന, ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹര്‍- ചണ്ഡീഗഢ്, കുമുദിനി രജനീകാന്ത് ലാഖിയ- ഗുജറാത്ത്, ലക്ഷ്മിനാരായണ സുബ്രഹ്മണ്യം – കര്‍ണാടക, ശാരദ സിന്‍ഹ- ബിഹാര്‍ എന്നിവർക്കും പത്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്.
നടൻ അജിത്, ആന്ധ്രയിൽ നിന്നും നന്ദമൂരി ബാലകൃഷ്ണ, ചലച്ചിത്ര സംവിധായകൻ ശേഖർ കപൂർ, സാമൂഹ്യ സേവനത്തിന് സാധ്വി ഋതംബര, ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി (മരണാനന്തര ബഹുമതി) തുടങ്ങിയവർക്കും പത്മഭൂഷൺ ലഭിച്ചു.
കായികരംഗത്തെ സംഭാവനകൾക്കാണ് ഐ.എം വിജയന് ബഹുമതി ലഭിച്ചത്. ഗായിക കെ. ഓമനക്കുട്ടിയമ്മയെ കലാരംഗത്തെ പ്രവർത്തനമാണ് പത്മശ്രീക്ക് അർഹയാക്കിയത്. ക്രിക്കറ്റ് താരമായിരുന്ന ആർ. അശ്വിൻ, ഗായിക ബാട്ടുൽ ബീഗം, പാരാ അത്‌ലറ്റ് ഹർവീന്ദർ സിങ്, തമിഴ്‌നാട്ടിൽ നിന്നുള്ള വാദ്യ സംഗീതജ്ഞൻ വേലു ആശാൻ, റിക്കി കേജ്, ഗുരുവായൂര്‍ ദൊരൈ, അര്‍ജിത് സിങ് തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.