Thursday, July 31, 2025
Mantis Partners Sydney
Home » ആൽഫ്രഡ് ചുഴലിക്കാറ്റ്: ക്യുഎൻസ്ലാൻഡിലും ന്യൂ സൗത്ത് വെൽസിലും ജാഗ്രത നിർദേശം
ആൽഫ്രഡ് ചുഴലിക്കാറ്റ്: ക്യുഎൻസ്ലാൻഡിലും ന്യൂ സൗത്ത് വെൽസിലും ജാഗ്രത നിർദേശം

ആൽഫ്രഡ് ചുഴലിക്കാറ്റ്: ക്യുഎൻസ്ലാൻഡിലും ന്യൂ സൗത്ത് വെൽസിലും ജാഗ്രത നിർദേശം

by Editor

ബ്രിസ്‌ബേൻ: ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ആൽഫ്രെഡ് ക്യൂൻസ്​ലാൻഡ് തീരം വ്യാഴായ്ച്ച തൊടുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പ്രദേശങ്ങളിലെ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നു അധികൃതർ അറിയിച്ചു. ബുധനാഴ്ച മുതൽ തെക്കുകിഴക്കൻ ക്വീൻസ്‌ലാൻഡ്, വടക്കുകിഴക്കൻ ന്യൂ സൗത്ത് വെയിൽസ് തീരങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പല ഇടങ്ങളിലും ദിവസം 200 മുതൽ 400 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്, ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായേക്കാം. അതുകൊണ്ടു ആളുകൾ ജാഗ്രത പുലർത്തണം എന്നാണ് നിർദേശം.

സാൻഡി കേപ്പ് മുതൽ ഗ്രാഫ്റ്റൺ വരെയുള്ള 4 ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്ന പ്രദേശങ്ങളിൽ ഈ ആഴ്ച അവസാനത്തോടെ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നും അതോടൊപ്പം ശക്തമായ മഴ, അപകടകരമായ കാറ്റ്, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ ബ്യൂറോ (The Bureau of Meteorology) നിലവിൽ സാൻഡി കേപ്പ് മുതൽ ഗ്രാഫ്റ്റൺ വരെയുള്ള പ്രദേശങ്ങളെ ‘വാച്ച് സോണുകൾ’ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്, അതിൽ ബ്രിസ്ബേൻ, ഗോൾഡ് കോസ്റ്റ്, സൺഷൈൻ കോസ്റ്റ്, ബൈറൺ ബേ എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും, ചുഴലിക്കാറ്റിന്റെ വേഗത പോലെ അത് മറ്റു പ്രദേശങ്ങളെയും സാരമായി ബാധിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്.

ആൽഫ്രഡ് ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രി വൈകിയോ വെള്ളിയാഴ്ച പുലർച്ചെയോ ബ്രിസ്ബേനിൽ ആഞ്ഞടിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. നിലവിൽ കാറ്റഗറി 2 ഇനത്തിൽ പെടുന്ന ചുഴലിക്കാറ്റ് കരയോട് അടുക്കുമ്പോളും ഇതേ തീവ്രത നിലനിർത്താൻ സാധ്യതയുണ്ട് എന്നാണ് അധികൃതർ അറിയിക്കുന്നത്. അതുകൊണ്ടു കനത്ത മഴയ്ക്കും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ബ്രിസ്ബെനിലെ തെക്കൻ ടൗണുകളിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും കടലിൽ വേലിയേറ്റത്തിനും എല്ലാം ഇടയാക്കും.

ബ്രിസ്ബെനിലും സമീപ ടൗണുകളിലും ദ്വീപുകളിലും ജനറേറ്ററുകൾ, മെഡിക്കൽ പ്രവർത്തകർ, അടിയന്തര സർവീസുകൾ എന്നിവ വിന്യസിപ്പിച്ചിട്ടുണ്ട്. സൺഷൈൻ കോസ്റ്റിന്റെ മൂലൂലബയിലെ ഷിപ്പിങ് പ്രവർത്തനങ്ങളും നിർത്തിവച്ചിട്ടുണ്ട്. അടിയന്തര സജ്ജീകരണങ്ങളും സേവനങ്ങളും അധികൃതർ ഉറപ്പാക്കിയിട്ടുണ്ടെന്ന് ക്യൂൻസ്​ലാൻഡ് പ്രീമിയർ ഡേവിഡ് ക്രിസഫുള്ളി വ്യക്തമാക്കി. ബോട്ട് യാത്ര‌, മീൻപിടിത്തം എന്നിവ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷണസാധനങ്ങളും കുടിവെള്ളവും ശേഖരിച്ചു വയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.

1974-ന് ശേഷം ഇതാദ്യമായാണ് ക്യൂൻസ്​ലാൻഡ് തീരത്തു കൂടി ഉഷ്ണമേഖലാ ചുഴലിക്കാറ്റ് വീശുന്നത്.1990-ൽ നാൻസി ചുഴലിക്കാറ്റ് ക്യൂൻസ്​ലാൻഡിന് സമീപത്തു കൂടി കടന്നു പോയിട്ടുണ്ട്. അന്ന് കാര്യമായ നാശനഷ്ടങ്ങൾ ചെയ്തിരുന്നില്ല..

Send your news and Advertisements

You may also like

error: Content is protected !!