ഞങ്ങളുടെ തലമുറയെ ആദ്യാനുരാഗത്തിൻ്റെ ലോലമൃദുല സ്വപ്നഭാവങ്ങളിലേക്ക് കൈ പിടിച്ച് നടത്തിയതിൽ നഖക്ഷതങ്ങൾക്ക് മുഖ്യമായ പങ്കുണ്ട്. എഴുതിയത് എം ടിയായത് കൊണ്ട് നായകനിൽ അദ്ദേഹത്തിൻ്റെ ആത്മാംശം മിക്കവാറും കലരാനിടയുണ്ട്. പ്രിയപ്പെട്ട എഴുത്തുകാരൻ്റെ കൗമാരമാണ് നഖക്ഷതനായകനിൽ കാണാൻ കഴിഞ്ഞത്.
മീശ മുളച്ചു തുടങ്ങിയ, മുണ്ട് ഉടുത്തു തുടങ്ങിയ വിനീതിൻ്റെ ചുരുക്കപ്പേരാണ് രാമു. മുഴുവൻ പേര് – രാമചന്ദ്രൻ വെള്ളാനോട്. ആ പേരിലാണ് അവൻ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന് തുടങ്ങുന്ന കവിത എഴുതിയത്.
എന്നെയും അമ്മ വിളിക്കുന്ന ഒരു ചുരുക്കപ്പേരുണ്ടായിരുന്നു – പാച്ചു.
പ്രകാശൻ എന്ന പേരിൻ്റെ കൂടെ കരിവെള്ളൂർ എന്ന് സ്ഥലപ്പേര് ചേർത്ത് ഞാനും മാതൃഭൂമി ബാലപംക്തിയിൽ തുരുതുരാ കവിതകൾ അയക്കാൻ തുടങ്ങി. അന്ന് ബാലപംക്തി കൈകാര്യം ചെയ്തിരുന്ന കുട്ടേട്ടൻ കുഞ്ഞുണ്ണിമാഷായിരുന്നു. മാഷ് എൻ്റെ കവിതകളെല്ലാം വെട്ടും തിരുത്തും നടത്തി തിരിച്ചയച്ചു. ഒന്നും അച്ചടിച്ചു വന്നില്ല.
എന്നാലും കവിത നിർത്തിയില്ല. സന്ധ്യയെയും കുന്നിമണിയേയും പുലർവേളയേയും കുറിച്ച് എന്തൊക്കെയോ എഴുതിക്കൂട്ടി.
കുന്നിമണിച്ചെപ്പിൽ നിന്നും ഒരു നുള്ളു കുങ്കുമം ഞാൻ തൊട്ടെടുത്തു,
പൂമ്പുലർ വേള വിടർന്നു എന്ന വരികളൊക്കെയാണല്ലോ മനസ്സിൽ!
അതിൽ മനസ്സിനെ പ്രണയത്തിലേക്കും വിഷാദത്തിലേക്ക് നയിക്കുന്ന നാലു വരികളുണ്ട്
പിന്നെ ഞാൻ പാടിയൊരീണങ്ങളൊക്കെയും
നിന്നെക്കുറിച്ചുള്ളതായിരുന്നു
അന്തിമയങ്ങിയ നേരത്ത് നീ ഒന്നും
മിണ്ടാതെ മിണ്ടാതെ പോയി,
എൻ്റെ
നെഞ്ചിലെ മൈനയും തേങ്ങി.
ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോൾ രണ്ട് സഹപാഠികൾക്കൊന്നിച്ച് തോന്നിയ തമാശയായിരുന്നു ആദ്യാനുരാഗം. എന്നാൽ അത് നെഞ്ചിലൊരു മൈനയുടെ തേങ്ങലാണെന്ന് അനുഭവിച്ചറിഞ്ഞു പിന്നീട് ജീവിതം കൊണ്ട് തന്നെ. വല്ലാതെ മനസ്സിനെ മഥിച്ച മൂന്നു പ്രണയങ്ങളുണ്ട് ഓർമ്മയിൽ സൂക്ഷിക്കാൻ. അത് നിനവിൽ വരുമ്പോഴൊക്കെ മഞ്ഞൾ പ്രസാദ ഗാനത്തിലെ മൈന എൻ്റെ നെഞ്ചിൽ തേങ്ങാറുണ്ട്.
ജീവിതത്തിലൊരിടത്തും – അതിനി ദൈവത്തിൻ്റെ സന്നിധിയിൽ പോലും ഒരു ഭക്തനാവാൻ എനിക്കിഷ്ടമല്ല. എന്നിട്ടും, പ്രണയത്തിന് ഭക്തിയുമായി എന്തോ ബന്ധമുള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്.
നഖക്ഷതങ്ങളിലെ മഞ്ഞൾ പ്രസാദം തൊട്ട് അമ്പലത്തിൽ പോയ ഒരു കാലം എൻ്റെ ജീവിതത്തിലുമുണ്ടായിരുന്നു – ദൈവത്തെ കാണാനല്ല. അവളെ കാണാൻ. ഗുരുവായൂരമ്പലത്തിൽ പ്രദക്ഷിണം വെക്കുന്ന വിനീതിനെയും മോനിഷയേയും പോലെ ഞാൻ എന്നെയും അവളെയും സങ്കൽപ്പിച്ചു. ഒരിക്കലും അത് സാധിച്ചിട്ടില്ല.
പ്രണയചിന്ത മാത്രമല്ല എം ടി യുടെ രാമു എനിക്ക് സമ്മാനിച്ചത്. കവിതയെഴുത്തിൽ മാത്രമല്ല അവനും ഞാനും തമ്മിലുള്ള സാദൃശ്യം.
ഞാനും എസ് എസ് എൽ സി കഴിഞ്ഞ് പീഡി സി ക്ക് ചേർന്ന കാലം – ഞാനും മുണ്ട് സ്ഥിരവസ്ത്രമാക്കിയ കാലം – ഞാനും സ്വപ്നങ്ങളെ മനസ്സിൽ മയിൽപ്പീലിയായി ഒളിപ്പിക്കാൻ തുടങ്ങിയ കാലം. എനിക്കും മീശ മുളച്ചു തുടങ്ങിയ കാലം.
എം ടി യുടെ നഖക്ഷതങ്ങളിലെ രാമുവായി എന്നേക്കാൾ രണ്ട് വയസ്സ് മൂപ്പുള്ള വിനീത് വന്നപ്പോൾ കേരളത്തിലെ 16- 17 കാരായ ആൺകുട്ടികളിൽ മിക്കവരും എന്നെപ്പോലെ അവനോട് താദാത്മ്യം പ്രാപിച്ചിട്ടുണ്ടാവും. അവർക്ക് മനസ്സിൽ താലോലിക്കാൻ വീട്ടിനടുത്തോ പരിചയത്തിലോ കോളേജിലോ ഒരു ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ ഉണ്ടാവും.
പുഴയുടെ തീരത്തെ നീലനിലാവിലിരുന്ന്
നീരാടുവാൻ നിളയിൽ നീരാടുവാൻ
നീ എന്തേ വൈകി വന്നു
പൂന്തിങ്കളേ
എന്ന് അവരും പാടിയിട്ടുണ്ടാകും. ചിത്രവർണ്ണങ്ങൾ നൃത്തമാടിയ അവരുടെ അന്തരംഗത്തിൽ സീമയിൽ ആരും കേൾക്കാത്ത പാട്ടിലെ എത്രയെത്ര സ്വരവർണരാജികൾ !
നഖക്ഷതങ്ങളിലെ വേറിട്ട ഗാനമാണ് ജയചന്ദ്രൻ പാടിയ
വ്രീളാഭരിതയായ് വീണ്ടുമൊരു പുലർവേള
കൺചിമ്മിയുണർന്നു എന്ന് തുടങ്ങുന്ന ഗദ്യകവിത.
സിനിമയിൽ അത് സന്ദർഭോചിതമായല്ല വന്നത് എന്നാണ് എൻ്റെ തോന്നൽ.
ഗുരുവായൂരിൽ നിന്ന് രാമുവും ഗൗരിയും അവരവരുടെ നാട്ടിലേക്ക് മടങ്ങിയ പശ്ചാത്തലത്തിലെ വിരഹമാണ്.
അവിടെ ഹൃദയത്തിൻ കനി വിരിഞ്ഞ ചായത്തിൽ
എഴുതിയ ചിത്രം
മുഴുമിച്ചില്ലല്ലോ
എന്നതു വരെ കൃത്യമാണ്.
എന്നാൽ
മുഖം വരയ്ക്കുവാൻ തെളിയുമ്പോൾ രണ്ട്
മുഖങ്ങളൊന്നൊന്നായ് തെളിയുന്നു
എന്ന വരി ക്ലൈമാക്സിലേ കൃത്യമാവൂ.
കഥ കേട്ട് ഓ എൻ വി എഴുതിയ പാട്ട് കൃത്യം.
എന്നാൽ സിനിമയിൽ അതിൻ്റെ പ്രയോഗം കൃത്യമായില്ല.
രാമു വരക്കാൻ ആഗ്രഹിച്ച മുഖം ഗൗരി മാത്രമല്ല, ലക്ഷ്മിയുമായിരുന്നോ?
ഒന്നുറപ്പ്, മിണ്ടാനും കേൾക്കാനുമാവാത്തവരുടെ മനസ്സാണ് പ്രണയനിബിഡം. എൻ്റെ വഴിയിലെവിടെയും അങ്ങനെയൊരാളുണ്ടായില്ല.
യൂ പീ സ്കൂളിൽ പഠിപ്പിച്ച ഒരു അധ്യാപകൻ്റെ അനുജൻ നാട്ടിലെ വലിയ ചിത്രകാരനാണെന്ന് അന്നെനിക്കറിയില്ലായിരുന്നു. ആ പേര് ആദ്യമായി സ്ക്രീനിൽ എഴുതിക്കണ്ടതും നഖക്ഷതങ്ങൾ ബാക്കിയാക്കിയ ഓർമ്മകളിലുണ്ട് – പി എൻ മേനോൻ്റെ അസിസ്റ്റൻ്റായി എത്രയോ കാലം പരസ്യ കലാ രംഗത്ത് പ്രവർത്തിച്ച ബാലൻ പാലായി!
തുടരും..
പ്രകാശൻ കരിവെള്ളൂർ