കീവ്: റഷ്യ-യുക്രൈൻ യുദ്ധം മൂന്നാം വർഷത്തിലേക്ക്. 2022 ഫെബ്രുവരിയിൽ 24 -നു ആരംഭിച്ച യുദ്ധത്തിനു ഇനിയും ഒരു അവസാനം കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല. യുദ്ധത്തിന്റെ മൂന്നാം വാർഷികത്തലേന്നു യുക്രെയ്നെതിരെ വലിയ ഡ്രോൺ ആക്രമണവുമായി റഷ്യ നടത്തിയത്. 267 ഡ്രോണുകൾ ഒരുമിച്ച് റഷ്യ വിക്ഷേപിച്ചെന്നും ഇതു ‘റെക്കോർഡ്’ ആണെന്നും യുക്രെയ്ൻ വ്യോമസേന കമാൻഡ് വക്താവ് യൂറി ഇഗ്നാറ്റ് പറഞ്ഞു. 138 ഡ്രോണുകൾ വീഴ്ത്തി. 119 എണ്ണം കാണാതായി. ഇതുകൂടാതെ റഷ്യ 3 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു. യുക്രെയ്നിലെ 5 പ്രദേശങ്ങളിൽ നാശനഷ്ടങ്ങളുണ്ടായെന്നാണു റിപ്പോർട്ട്.
യുക്രെയ്ന്റെ വ്യോമ പ്രതിരോധം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണു മാസങ്ങളായി രാത്രിയിൽ റഷ്യ കൂട്ട ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നത്. യുദ്ധത്തിലെ ഏറ്റവും വലിയ ആക്രമണമാണിതെന്നും അപലപിക്കുന്നതായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി പറഞ്ഞു.
യുദ്ധം അനന്തമായി നീളുന്നത് വ്യാപകമായ നാശനഷ്ടങ്ങളും ജീവഹാനിയുമാണ് ഉണ്ടാക്കുന്നത്. 2022 ഫെബ്രുവരി 24-നാണ് റഷ്യ യുക്രൈനിലേക്ക് ഏകപക്ഷീയ ആക്രമണം ആരംഭിച്ചത്. യുക്രെയ്നെ അതിവേഗം കീഴപ്പെടുത്താനാകുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രതീക്ഷിച്ചത്. പക്ഷേ, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലുതും മാരകവുമായ സംഘർഷമായി ഈ അധിനിവേശം മാറി. യുക്രെയ്നിൽ 57,000-ത്തിലധികം പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട് കൂടാതെ വ്യാപക അഭയാർഥി പ്രവാഹവുമുണ്ടായി.
അതിനിടെ യുക്രെയ്ൻ വിഷയത്തിൽ പുതിയ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നയംമാറ്റം യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി. യുക്രെയ്നേയും യൂറോപ്യൻ രാജ്യങ്ങളേയും ഒഴിവാക്കി, യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് ഭരണകൂടം റഷ്യയുമായി നേരിട്ടുള്ള ചർച്ചകൾക്കാണ് സൗദിയിൽ തുടക്കമിട്ടത്.
അങ്ങനെയിരിക്കെയാണ് ഇന്നലെ റഷ്യ യുക്രൈനിൽ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. യുക്രൈന്റെ തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ കനത്ത നാശമാണ് റഷ്യന്‍ ആക്രമണത്തിലുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 1150 ഡ്രോണ്‍ ആക്രമണങ്ങളാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായത്. 35 മിസൈല്‍ ആക്രമണങ്ങളും 1400 ഗൈഡഡ് ബോംബുകളും റഷ്യ യുക്രൈനുനേരെ പ്രയോഗിച്ചതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.