കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസമായി ഉയരുന്ന ടൗൺഷിപ്പ് നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴ് മാസങ്ങൾക്കിപ്പുറമാണ് മാതൃക ടൗൺഷിപ്പ് ഉയരുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗൺഷിപ്പ് നിർമാണം. ഉദ്ഘാടന ചടങ്ങിൽ കെ രാജൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.
7 സെൻറ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. രണ്ട് ബെഡ്റൂം, ഹാൾ, അടുക്കള, വരാന്ത, ഡൈനിങ്, സ്റ്റോർ ഏരിയ എന്നിങ്ങനെയാണ് നിർമ്മാണം. ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരുനിലയാക്കാൻ കഴിയുന്ന അടിത്തറയോടെയാണ് പണിയുന്നത്. പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ളതായിരിക്കും അടിത്തറ.
ഒന്നരയേക്കറിൽ മാർക്കറ്റ്, ആധുനിക അങ്കണവാടി, പാർക്കിങ് ഏരിയ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാൾ എന്നിവയും ഉൾപ്പെടുന്നു. ഓപ്പൺ എയർ തിയറ്റർ, ഫുട്ബോൾ മൈതാനം, മാലിന്യസംസ്കരണ സംവിധാനം എന്നിവയും പദ്ധതിയിലുണ്ട്. ആറുമാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കും. ടൗൺഷിപ്പിലേക്ക് വരാത്ത കുടുംബങ്ങൾക്ക് 15 ലക്ഷം രൂപവീതം നൽകും.
2024 ജൂലൈ 30 പുലർച്ചെയാണ് വയനാട് മുണ്ടക്കൈ,ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയത്. 298 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും സ്കൂളുകളും തകർന്നു. ഒറ്റക്കെട്ടായി കേരളക്കര മുണ്ടക്കൈയേയും ചൂരൽമലയേയും ചേർത്തുപിടിച്ചു. സർക്കാരിനൊപ്പം രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും അയൽ സംസ്ഥാനങ്ങൾ ഉൾപ്പടെ സഹായഹസ്തവുമായി എത്തി.