ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ദൗത്യത്തിൻ്റെ ഭാഗമായി ബുധൻ പുലർച്ചയോടെ പാക്കിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും തീവ്രവാദി ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തു. ഒമ്പത് കേന്ദ്രം ആക്രമിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ സേന അറിയിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മൗലാനാ മസൂദ് അസറിൻ്റെ കേന്ദ്രങ്ങളാണ് തകർത്തതെന്നും റിപ്പോർട്ടുകളുണ്ട്. കോട്‌ലി, മുരിദികെ, ബഹാവൽപുർ, മുസഫറബാദ് എന്നിവിടങ്ങളിൽ ഇന്ത്യയുടെ ആക്രമണം പാകിസ്ഥാൻ സൈനികവൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകര സംഘടന ലഷ്‌കർ ഇ തായ്ബയുടെ ആസ്ഥാനമാണ് മുരിദികെ. ഭീകരൻ മൗലാനാ മസൂദ് അസ്‌ഹറിൻ്റെ നേതൃത്വത്തിലുള്ള ജെയ്ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപുർ.
ബുധനാഴ്ച പുലര്‍ച്ചെ 1.44 നായിരുന്നു പാക്കിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യയുടെ തിരിച്ചടി. പുലര്‍ച്ചെ 1.28ന് വ്യക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയശേഷമായിരുന്നു പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുുള്ള ഇന്ത്യ ആക്രമണം അഴിച്ചുവിട്ടത്. ‘ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവർ’ എന്ന കുറിപ്പോടെ ഇന്ത്യയുടെ ടാങ്കുകളും തോക്കുകളും മിസൈൽ വാഹിനികളും തീപ്പുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ കരസേന പുലർച്ചെ 1.28-ന് എക്സിൽ പോസ്റ്റിട്ടിരുന്നു. കരസേന എ.ഡി.ജി.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ നിന്നായിരുന്നു ഈ പോസ്റ്റ്. ഇതിനുശേഷം കൃത്യം പതിനാല് മിനിറ്റ് കഴിഞ്ഞായിരുന്നു പാക്കിസ്ഥാനിലെ ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തുകൊണ്ടുള്ള ഇന്ത്യയുടെ ആക്രമണം.
ഓപ്പറേഷന്‍ സിന്ദൂര്‍: പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ



