ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സ്, അമേരിക്ക ന്ദര്‍ശനത്തിനായി യാത്ര തിരിക്കും. ഉച്ചയ്‌ക്ക് ഡല്‍ഹിയില്‍ നിന്നും യാത്രതിരിക്കുന്ന മോദി വൈകീട്ടോടെ പാരീസിലെത്തും. ഫ്രാൻസിൽ വൈകിട്ടെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. നാളെ നടക്കുന്ന എഐ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കൊപ്പം ചടങ്ങിൽ അധ്യക്ഷത വഹിക്കും. മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേർന്ന് നിർവ്വഹിക്കും.
യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സൂക്‌സിയാങ്ങും എഐ ഉച്ചകോടിയില്‍ പങ്കെടുക്കും. 2023-ല്‍ യുകെയിലും 2024ല്‍ ദക്ഷിണ കൊറിയയിലും നടന്ന ആഗോള സമ്മേളനങ്ങളുടെ തുടര്‍ച്ചയാണ് പാരീസിലെ എഐ ഉച്ചകോടി.
ഫെബ്രുവരി 12,13 തിയതികളിലാണ് യുഎസ് സന്ദർശനം. ബുധനാഴ്ച ഫ്രാൻസിൽ നിന്ന് അമേരിക്കയിൽ എത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപ് അധികാരമേറ്റതിന് എത്തിയതിന് പിന്നാലെ നടക്കുന്ന ഈ സന്ദർശനം ഇന്ത്യ – അമേരിക്ക തന്ത്രപ്രധാന ബന്ധത്തിന്‍റെ പ്രാധാന്യം തെളിയിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് അനധികൃതമായി കുടിയേറിയവരെ വിലങ്ങിട്ട് അമേരിക്കൻ സൈനിക വിമാനത്തിൽ തിരിച്ചയച്ചത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു, കൂടുതൽ ഇന്ത്യക്കാരെ നാടുകടത്താൻ അമേരിക്ക തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് മോദി – ട്രംപ് കൂടിക്കാഴ്ച്ച.