Mantis Partners Sydney
Wednesday, March 18, 2026
Mantis Partners Sydney
Home » ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; ഗാസയുടെ മൂന്നിലൊന്ന് ഭാഗവും ഇസ്രയേല്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിൽ
ഗാസ ബെഞ്ചമിൻ നെതന്യാഹു

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; ഗാസയുടെ മൂന്നിലൊന്ന് ഭാഗവും ഇസ്രയേല്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിൽ

by Editor
Send your news and Advertisements

ജറുസലം: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 10 പേർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലായിരുന്നു പ്രധാനമായും ആക്രമണം നടത്തിയത്. ഗാസയിലുടനീളം നടത്തിയ ആക്രമണത്തില്‍ വ്യാഴാഴ്ച്ച മാത്രം 35-ലധികം പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് ശേഷം മാര്‍ച്ച് 18ന് ആക്രമണം തുടര്‍ന്നതിന് ശേഷം മാത്രം 1650-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

അതേസമയം ഗാസ, ലബനൻ, സിറിയ എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുള്ള സൈന്യത്തെ നിലനിർത്തുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്സ് പ്രഖ്യാപിച്ചു. ഇസ്രയേൽ ജനതയുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാസയുടെ മൂന്നിലൊന്ന് ഭാഗവും പൂര്‍ണമായി ഇസ്രയേല്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നും തെക്കന്‍ ഗാസയിലെ വിഭജന രേഖയായ മൊറാഗ് ഇടനാഴി വികസിപ്പിക്കുകയാണെന്നും ഇസ്രയേൽ വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിന് സമ്മര്‍ദം ചെലുത്തുന്നതിനായി ആറാഴ്ചയായുള്ള മാനുഷിക സഹായ ഉപരോധം തുടരുമെന്നും ഇസ്രേയല്‍ അറിയിച്ചിട്ടുണ്ട്. യുഎന്‍ നല്‍കിയ മുന്നറിയിപ്പ് വകവെക്കാതെയാണ് ഇസ്രയേലിന്റെ നീക്കം.

എന്നാൽ, ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം മുഴുവൻ തിരികെപ്പോയാൽ മാത്രമേ ശേഷിക്കുന്ന ബന്ദികളിൽ ജീവനോടെയുള്ള 24 പേരെ മോചിപ്പിക്കുകയുള്ളുവെന്ന നിലപാട് ഹമാസ് ആവർത്തിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ചു ചർച്ചകളിലൂടെ ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേലിൽ സമ്മർദം ഏറി വരികയാണ്. ഹമാസിനെ ഇല്ലാതാക്കി ബന്ദികളെ സ്വതന്ത്രരാക്കുമെന്നാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെ നിലപാട്.

You may also like

error: Content is protected !!