Thursday, July 31, 2025
Mantis Partners Sydney
Home » കേരളത്തിന് റെയിൽവേ വിഹിതം 3,042 കോടി, പുതിയ ട്രെയിനുകൾ.
കേരളത്തിന് റെയിൽവേ വിഹിതം 3,042 കോടി. പുതിയ ട്രെയിനുകൾ.

കേരളത്തിന് റെയിൽവേ വിഹിതം 3,042 കോടി, പുതിയ ട്രെയിനുകൾ.

by Editor

ന്യൂ ഡൽഹി: 2025-26 കേന്ദ്രബജറ്റിൽ റെയിൽവേയ്‌ക്ക് അനുവദിച്ച ഫണ്ടിൽ നിന്ന് കേരളത്തിന് വകയിരുത്തിയത് 3,042 കോടിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. യുപിഎ കാലത്തേക്കാൾ എട്ട് ഇരട്ടി അധികമാണ് കേരളത്തിന് റെയിൽവേ ബജറ്റ് വിഹിതമായി ലഭിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂർ-നഞ്ചൻകോട് പദ്ധതി നടത്തിപ്പിലാണെന്നും കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരി​ഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ എത്തും. കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരിഗണനയിലാണ്. ശബരി റെയിൽവേ പാത യുടെ കാര്യത്തിൽ ത്രികക്ഷി കരാറിൽ ഏർപെടാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകൾ വരും. നൂറു കിലോമീറ്റർ ദൂരപരിധിയിൽ ഓടുന്ന 50 നമോ ഭാരത് ട്രെയിനുകളും മന്ത്രി പ്രഖ്യാപിച്ചു. 100 അമൃത് ഭാരത് ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ സുരക്ഷയ്ക്ക് 1.16 ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കേരളത്തിന് 2009 മുതൽ 2014 വരെ യുപിഎ സർക്കാരിൻ്റെ കാലത്ത് ശരാശരി 372 കോടി രൂപ മാത്രമാണ് നീക്കിവച്ചതെന്ന് ചൂണ്ടിക്കാട്ടിയ റെയിൽവെ മന്ത്രി, മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 125 കിലോമീറ്റർ പാത നിർമിച്ചതായും 493 കിലോമീറ്റർ വൈദ്യുതീകരിച്ചതായും പറഞ്ഞു. സംസ്ഥാനം പൂർണമായും വൈദ്യുതീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. എട്ട് പുതിയ പാതകളുടെ പദ്ധതികൾ നടത്തിപ്പിലാണെന്നും 419 കിലോമീറ്റർ ആകെ ദൂരം വരുന്ന ഈ പദ്ധതികൾക്കായി 12350 കോടി രൂപ ചെലവ് കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ കേരളത്തിലെ 35 സ്റ്റേഷനുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ഇതിനായി 2,560 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ, അങ്ങാടിപ്പുറം, അം​ഗമാലി, ചാലക്കുടി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, ചിറയിൻകീഴ്, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറൂഖ്, ​ഗുരുവായൂർ, കണ്ണൂർ, കാസർകോട്. കായംകുളം ജം​ഗ്ഷൻ, കൊല്ലം ജം​ഗ്ഷൻ, കോഴിക്കോട് മെയിൻ, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ ജം​ഗ്ഷൻ, തലശ്ശേരി, തിരുവനന്തപുരം, തൃശൂർ, തിരൂർ, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായി കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി 51 ലിഫ്റ്റുകൾ, 33 എസ്കലേറ്ററുകൾ എന്നിവയും 120 സ്റ്റേഷനുകളിൽ വൈഫൈ സൗകര്യവും ഏർപ്പെടുത്തി.

വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കൂടുതല്‍ ട്രെയിനെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഡിവിഷണല്‍ മാനേജര്‍മാര്‍ പരിശോധിച്ച് വ്യക്ത വരുത്തും. തിരക്ക് നിയന്ത്രിക്കാന്‍ നടപടികളുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

 

Send your news and Advertisements

You may also like

error: Content is protected !!