ദമാം: ബുര്‍ക്കിന ഫാസോയിൽ ജനിച്ച സയാമീസ് ഇരട്ടകൾ ഹവ്വയും ഖദീജയും ഇനി രണ്ടു വ്യക്തിയായും സ്വതന്ത്രമായും ജീവിക്കും. സൗദി കിരീടാവകാശിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശപ്രകാരം റിയാദിലെത്തിച്ച ഇരട്ടകളുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
സൗദി കൺജോയിന്റ് ട്വിൻസ് സെപ്പറേഷൻ പ്രോഗ്രാമിന്റെ 62-ാമത്തെ നേട്ടമായ ഈ ശസ്ത്രക്രിയക്ക് സൗദി മെഡിക്കൽ ആൻഡ് സർജിക്കൽ ടീമിന്റെ തലവനായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ-റബീഹ നേതൃത്വം നൽകി. “കൺജോയിന്റ് ട്വിൻസ് പ്ലാറ്റ്ഫോം ആരംഭിച്ച രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾ 62-ാമത്തെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.
2024 ജൂലൈ ആദ്യവാരത്തിൽ പ്രത്യേക വിമാനത്തിൽ സൗദിയിലെത്തിച്ച ഹവ്വയും ഖദീജയും കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ പരിശോധനകളിലൂടെ, ഇരട്ടകളുടെ നെഞ്ചിന്റെ അടിഭാഗവും വയറും ഒട്ടിപ്പിടിച്ചിരുന്നതായി കണ്ടെത്തി. കൂടാതെ, കരളും കുടലും പരസ്പരം കൂട്ടിച്ചേർന്ന നിലയിലുമായിരുന്നു.
എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരം
റിയാദിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഇന്നലെ രാവിലെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. കൂടിച്ചേർന്ന കുടലുകൾക്കും പെരികാർഡിയത്തിനും കാരണം ശസ്ത്രക്രിയ വളരെ വെല്ലുവിളി ഉയർത്തുന്നതായിരുന്നു. പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, അനസ്‌തീഷ്യ തുടങ്ങിയ വിദഗ്ധവിഭാഗങ്ങളിൽ നിന്നുള്ള 26 കൺസൾട്ടന്റുകളും നഴ്‌സിംഗ്, സാങ്കേതിക സ്റ്റാഫ് ഉൾപ്പെടെയുള്ള വൈദ്യപരിശീലനം നേടിയവർ പങ്കെടുത്ത ഈ ശസ്ത്രക്രിയ എട്ട് മണിക്കൂറിനകം വിജയകരമായി പൂർത്തിയാക്കി.
ശസ്ത്രക്രിയ വിജയകരമായെങ്കിലും ഹവ്വയും ഖദീജയും സുഖം പ്രാപിക്കും വരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി. കഴിഞ്ഞ 35 വർഷത്തിനിടെ 27 രാജ്യങ്ങളിൽ നിന്നുള്ള 146 സയാമീസ് ഇരട്ടകളെ വിജയകരമായി വേർപിരിച്ച സൗദി മെഡിക്കൽ സംഘം, ഈ ശസ്ത്രക്രിയയും അതേ ആത്മവിശ്വാസത്തോടെ പൂർത്തിയാക്കിയതിൽ അഭിമാനിക്കുന്നു വെന്നും സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും പിന്തുണയും സർവശക്തനായ അല്ലാഹുവിന്റെ കൃപയും ഈ വിജയത്തിനു സഹായകമായെന്നു ഡോ. തൗഫീഖ് അൽ-റബിയ കൂട്ടിച്ചേർത്തു.