തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം വർധിച്ചുവരുമ്പോൾ, സ്കൂളുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിനായി അനുവദിച്ച തുക പകുതിയാക്കി സർക്കാർ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതം 50% കുറച്ചതിന്റെ ഭാഗമായാണ് ഈ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമായി സർക്കാർ വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി എംഎൽഎ കെ. ബാബുവിന്റെ ചോദ്യത്തിന് നൽകിയ രേഖാമൂല മറുപടിയിൽ ഈ വിവരങ്ങൾ വ്യക്തമായി. 2024-25 ബജറ്റിൽ 1.50 കോടി രൂപയാണ് സ്കൂളുകളിലെ ലഹരി വിരുദ്ധ ക്യാമ്പയിനിനായി നീക്കിവെച്ചിരുന്നത്. എന്നാൽ, ധനവകുപ്പ് ഇത് 65 ലക്ഷമാക്കി കുറച്ചു. 2023-24 വർഷത്തിൽ ഈ പദ്ധതിക്ക് 75 ലക്ഷം രൂപയായിരുന്നു അനുവദിച്ചിരുന്നത്.
എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പ്രസ്താവന പ്രകാരം സംസ്ഥാനത്ത് സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെട്ട 154 ലഹരി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ ലഹരി ഉയോഗത്തിൽ നിന്ന് അകറ്റാനുള്ള ശ്രമങ്ങളുടെ നിർണായകമായ സമയത്താണ് ക്യാമ്പയിനിനുള്ള ബജറ്റ് വെട്ടിച്ചുരുക്കിയതെന്ന വിമർശനങ്ങളാണ് ഉയരുന്നത്.