തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമ്മിക്കുന്നതിന് കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) തയ്യാറാക്കിയ ഡിറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് (DPR) ന് മന്ത്രിസഭായോഗം അനുമതി നൽകി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. 2028 ഡിസംബറിന് മുൻപേ റെയില്‍ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം.
10.7 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍പ്പാതയുടെ 9.02 കിലോമീറ്ററും ഭൂമിക്കടിയിലൂടെ ആയിരിക്കും. കൊങ്കണ്‍ റെയില്‍വേയാണ് പാത പണിയുന്നത്. ന്യൂ ഓസ്ട്രിയൻ ടണലിങ് മെതേഡ് (എൻഎടിഎം) എന്ന സാങ്കേതികവിദ്യയാവും ഭൂഗർഭപാതയുടെ നിർമാണത്തിനായി ഉപയോഗിക്കുക. വിഴിഞ്ഞം തുറമുഖത്തിൻ്റെ 150 മീറ്റർ അടുത്തുനിന്നു തന്നെ ഭൂഗർഭപാത ആരംഭിക്കും. ടേബിൾ ടോപ്പ് രീതിയിലാവും ഭൂഗർഭപാത ബാലരാമപുരത്തേക്ക് എത്തുക. വിഴിഞ്ഞം കരിമ്പള്ളിക്കര ഭാഗത്തു നിന്നു തുടങ്ങി വിഴിഞ്ഞം-മുക്കോല-ബാലരാമപുരം റോഡിനു സമാന്തരമായാണ് ഭൂഗർഭ പാത കടന്നുപോകുന്നത്. വിഴിഞ്ഞം – ബാലരാമപുരം റോഡിന്റെ അതേ അലൈൻമെന്റിൽ ഭൂനിരപ്പിൽനിന്ന് 30 മീറ്റർ എങ്കിലും താഴ്ചയിലാവും പാത കടന്നുപോവുക. ജനസാന്ദ്രത കൂടിയ ഭൂപ്രദേശത്ത് കൂടുതല്‍ സ്ഥലം നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ടി വരുമെന്നതാണ് സാധാരണ റെയില്‍പ്പാത ഒഴിവാക്കി തുരങ്കപാത പണിയാന്‍ തീരുമാനിക്കാന്‍ കാരണം. ബാലരാമപുരം, അതിയന്നൂര്‍, പള്ളിച്ചല്‍, വിഴിഞ്ഞം വില്ലേജുകളില്‍ നിന്നായി 6.04 ഹെക്ടര്‍ സ്ഥലമാണ് റെയില്‍പ്പാതയ്ക്ക് ഏറ്റെടുക്കേണ്ടത്. പാത സമാപിക്കുന്ന ബാലരാമപുരം, പള്ളിച്ചല്‍ വില്ലേജുകളില്‍നിന്ന് യഥാക്രമം 4.07 ഏക്കറും 7.36 ഏക്കറും സ്ഥലം ഏറ്റെടുക്കും. അതിയന്നൂരില്‍നിന്ന് 2.39 ഏക്കര്‍ വേണ്ടിവരും.
തുറമുഖത്തുനിന്ന് കണ്ടെയ്നറുകള്‍ തീവണ്ടിമാര്‍ഗം ബാലരാമപുരത്ത് എത്തിച്ച് തിരുവനന്തപുരം-കന്യാകുമാരിപ്പാതയിലെ റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. കേന്ദ്രപദ്ധതികളില്‍നിന്നു സാമ്പത്തിക സഹായം ഉറപ്പാക്കി പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാഗര്‍മാല, റെയില്‍ സാഗര്‍, പിഎം ഗതിശക്തി തുടങ്ങിയ കേന്ദ്ര പദ്ധതികളില്‍ക്കൂടി തുരങ്കപാതയ്ക്ക് പണം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ഇത് സാധ്യമായില്ലെങ്കില്‍ നബാര്‍ഡ് വായ്പയെ ആശ്രയിച്ചായിരിക്കും തീവണ്ടിപ്പാത യാഥാര്‍ഥ്യമാക്കുക.
റെയില്‍പ്പാത പൂര്‍ത്തിയാകുന്നതോടെ 240 കോടി രൂപ മുടക്കി ബാലരാമപുരം റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിച്ച് സിഗ്‌നലിങ് സ്റ്റേഷനാക്കി മാറ്റും. നിലവിലുള്ള സ്ഥലത്തുനിന്നു നെയ്യാറ്റിന്‍കര ഭാഗത്തേക്ക് കുറച്ചുകൂടി നീങ്ങിയായിരിക്കും ബാലരാമപുരം റെയില്‍വേ സ്റ്റേഷന്‍ വരിക.