പത്തനംതിട്ട: 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി പതിനെട്ടുകാരി. കായികതാരമായിരുന്ന വിദ്യാർഥിനിയെ 5 വർഷത്തിനിടെ ലൈംഗിക പീഡനത്തിനിരയാക്കിയത് അറുപതിലേറെ പേർ. ജില്ലാ ശിശുക്ഷേമ സമിതിക്കു മുന്നിൽ പതിനെട്ടുകാരി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ 5 പ്രതികൾ അറസ്റ്റിലായി. റാന്നി കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു പെണ്‍കുട്ടിയെ ഇത്രയധികംപേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയതായുള്ള സംഭവം അപൂര്‍വമാണ്.
കുട്ടിക്കു 13 വയസ്സുള്ള സമയത്ത് സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കൾ ദുരുപയോഗം ചെയ്തു. ഇരയുടെ നഗ്നചിത്രങ്ങൾ പ്രതികളിൽ ചിലർ കൈവശപ്പെടുത്തി. വിദ്യാർഥിനി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ വിവിധ സ്റ്റേഷനുകളിൽ കേസ് അന്വേഷിക്കും. കായികതാരമാണ് പെണ്‍കുട്ടി. പരിശീലകരും കായികതാരങ്ങളും സഹപാഠികളും സമീപവാസികളും കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തവരില്‍ ഉള്‍പ്പെടുന്നുണ്ട്.
ലൈംഗിക ചൂഷണത്തിനെതിരേ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ദുരനുഭവം പങ്കുവെച്ചത്. തുടര്‍ന്ന് മഹിളാ സമാഖ്യ സൊസൈറ്റി വഴി സി.ഡബ്ല്യൂ.സിയിലേക്ക് എത്തുകയായിരുന്നു. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ വിശദമായ വിവരങ്ങളും പീഡനം സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനായിരുന്നു ആദ്യഘട്ട ശ്രമം. തുടര്‍ന്ന് സൈക്കോളജിസ്റ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കാന്‍ സി.ഡബ്ല്യൂ.സി. പോലീസിന് നിര്‍ദേശം നല്‍കിയത്.