വാഷിംഗ്‌ടൺ: ഇറാൻ ഇസ്രായേൽ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ യുഎസിന് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ ട്രംപ്, ഇതിന്റെ പേരില്‍ യുഎസിനെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും നല്‍കി. ഇറാനും ഇസ്രയേലും തമ്മിലുള്ള നിലവിലെ സംഘര്‍ഷം പശ്ചിമേഷ്യയില്‍ പൂര്‍ണതോതിലുള്ള യുദ്ധമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സാമാധാനക്കരാറിലെത്തുവാന്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കാമെന്നും തനിക്ക് എളുപ്പത്തില്‍ ഒരു കരാര്‍ ഉണ്ടാക്കി ഈ പോരാട്ടം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ആക്രമണത്തില്‍നിന്ന് ഇസ്രയേലിനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ യുഎസിന്റെ പശ്ചിമേഷ്യയിലെ വ്യോമതാവളങ്ങള്‍ ആക്രമിക്കുമെന്നു ഇറാൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഇറാനെതിരായ ആക്രമണത്തില്‍ യു.എസും പങ്കാളിയാവണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തില്‍ നേരിട്ട് കക്ഷിചേരില്ലെങ്കിലും ഇറാന്റെ ആക്രമണത്തില്‍നിന്ന് ഇസ്രയേലിനെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇസ്രായേലിന് നേരെ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ആണ് ഇറാൻ പ്രയോഗിച്ചത്. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾക്കൊപ്പം അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളും ഇതിനെ ചെറുക്കുന്നുണ്ട്. ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ ഇസ്രയേലിൽ 10 പേർ കൊല്ലപ്പെടുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രയേലിലെ ഹൈഫ, ടെൽഅവീവ്, ജറുസലേം, തമ്ര എന്നിവിടങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇറാൻ ശക്തമാക്കിയിരിക്കുകയാണ്. വടക്കൻ ഇസ്രയേലിൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വീണ്ടും ഇറാന് മുന്നറിയിപ്പുമായി രംഗത്തുവന്നു. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ എല്ലാം തങ്ങളുടെ പരിധിയിലാണെന്നു അദ്ദേഹം ഇറാന് മുന്നറിയിപ്പ് നൽകി. ഇറാനിലെ എല്ലാ നിവാസികളും ടെഹ്‌റാനിലെ ആയുധ നിർമ്മാണ സൗകര്യങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണമെന്നു ഐഡിഎഫ് (IDF) അറബിക് വക്താവ് അവിചേ ആൻഡ്രേയ് ഇന്ന് മുന്നറിയിപ്പ് നൽകി. ലെബനനിലും ഗാസയിലും ഇസ്രായേലി ആക്രമണങ്ങൾ ലക്ഷ്യമിടുന്ന പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആൻഡ്രേയ് പലപ്പോഴും മുന്നറിയിപ്പ് നൽകുമായിരുന്നു. ഇത് ആദ്യമായാണ് ഇറാൻ ജനതയ്ക്ക് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകുന്നത്.
അതിനിടെ, തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് എണ്ണപ്പാടങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചു. തെക്കന്‍ ബുഷേഹര്‍ പ്രവിശ്യയിലെ സൗത്ത് പാര്‍സ്, ഫജര്‍ ജാം എണ്ണപ്പാടങ്ങള്‍ക്ക് നേരേയാണ് ഇസ്രയേലിന്റെ ശക്തമായ ആക്രമണമുണ്ടായത്. വടക്കുപടിഞ്ഞാറന്‍ ടെഹ്‌റാനിലെ എണ്ണ സംഭരണശാലകളും ഇസ്രയേല്‍ തകര്‍ത്തു. ടെഹ്റാന്റെ ആണവ പദ്ധതിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് രണ്ട് ദിവസം മുമ്പ് ഇസ്രായേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണം ആണ് ഇസ്രായേൽ നടത്തിയത്.
ആദ്യഘട്ടത്തിൽ ഇറാൻ്റെ ആണവ-സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട ഇസ്രയേൽ ഇന്നലെ നടന്ന ആക്രമണങ്ങളിൽ ഇറാൻ്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ബന്ദർ അബ്ബാസിലെ തുറമുഖവും ഇറാൻ്റെ എണ്ണ പാടങ്ങളും റിഫൈനറികളും ഇസ്രയേൽ ലക്ഷ്യമിട്ടത് സാമ്പത്തിക മേഖലയ്ക്ക് ആഘാതം സൃഷ്ടിക്കുക എന്നാ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തൽ. ഇറാനിലെ തെക്കൻ തുറമുഖ നഗരമായ കങ്കനിലെ സൗത്ത് പാർസ് റിഫൈനറി ലക്ഷ്യമിട്ട് ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ വലിയ തീപിടുത്തമുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ഇറാനിലെ ബുഷെർ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സൗത്ത് പാർസ് ഗ്യാസ് ഫീൽഡിലെ എണ്ണ ശുദ്ധീകരണശാലയെ ലക്ഷ്യമിട്ട് ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തിയെന്നും തീപിടുത്തമുണ്ടായെന്നും ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക മേഖലയാണ് സൗത്ത് പാർസ് ഗ്യാസ് ഫീൽഡ്. 700 ദശലക്ഷം ഘനമീറ്റർ (24,720 ഘന അടി) ഇവിടെ നിന്നുള്ള പ്രതിദിന ഉത്പാദനം എന്നാണ് റിപ്പോർട്ട്. ഇറാന്റെ മൊത്തം പ്രകൃതിവാതക ഉൽപാദനത്തിന്റെ ഏകദേശം 65–70 ശതമാനം വരെയാണ് ഇതെന്നാണ് കണക്കാക്കുന്നത്.