കൊച്ചി: ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടൽ തുടങ്ങിയതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു. പ്രമുഖ എണ്ണ ഉൽപാദകരായ ഇറാനെതിരെയുള്ള സൈനിക നടപടികൾ ഇന്ധന ലഭ്യതയിൽ ഇടിവുണ്ടാക്കുമെന്ന ആശങ്കയിൽ ക്രൂഡിൻ്റെ വില ഇന്നലെ ബാരലിന് 14 ശതമാനം വർധിച്ച് 79 ഡോളർ വരെ ഉയർന്നു. ഇന്നലെ മാത്രം പത്ത് ഡോളറിൻ്റെ വർധനയാണുണ്ടായത്. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായാൽ എണ്ണവില ബാരലിന് 120 ഡോളറിലെത്തുമെന്ന് ആഗോള ഏജൻസികൾ പ്രവചിക്കുന്നു.
ഇസ്രയേലുമായുള്ള സംഘർഷം മൂർഛിച്ചാൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . ഗൾഫിൽനിന്നുള്ള എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് എണ്ണ വ്യാപാരത്തെ വളരെ ദോഷകരമായി ബാധിക്കും. ഈജിപ്തിനുള്ള പ്രകൃതിവാതക വിതരണം ഇറാൻ ഇന്നലെ നിർത്തിവച്ചു. ഇന്ധനക്ഷാമം നേരിടുന്ന ഈജിപ്തിന് ഇതു കൂടുതൽ പ്രഹരമാകും. മധ്യപൂർവദേശത്തെ സംഘർഷ സാഹചര്യത്തെ തുടർന്ന് എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി. ഇത് എണ്ണവില വീണ്ടും ഉയരാൻ ഇടയാക്കും.
ഇറാൻ – ഇസ്രയേൽ സംഘർഷം ഇന്ത്യയെയും ദോഷകരമായി ബാധിക്കും. ഇന്ത്യ ഏറ്റവും കൂടുതൽ ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇറാൻ. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിലെ പൊതുമേഖല ഇന്ധന കമ്പനികൾ പാചക വാതകം, വിമാന ഇന്ധനം തുടങ്ങിയവയുടെ വില വർധിപ്പിച്ചേക്കും. കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം ലഭിച്ചതിന് ശേഷമേ പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധിപ്പിക്കുകയുള്ളൂവെന്ന് എണ്ണ കമ്പനികളോട് അടുത്ത വൃത്തങ്ങൾ പറയുന്നു. പാചക വാതകത്തിൻ്റെ വില വർധനവിനൊപ്പം പെട്രോൾ, ഡീസൽ വിലകൂടി വർധിച്ചാൽ അത് നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിന് കാരണമായേക്കുമെന്ന ആശങ്കയുമുണ്ട്.
ഇറാൻ ഇസ്രയേൽ സംഘർഷം വർദ്ധിക്കുന്നു; ഇറാനിലെ എണ്ണ ശേഖരണ കേന്ദ്രം ആക്രമിച്ചു.