ടെഹ്റാൻ: ഡ്രോൺ മിസൈൽ ആക്രമണങ്ങളുമായി ഇസ്രയേലും ഇറാനും നടപടികൾ കടുപ്പിക്കുമ്പോൾ മരണ സംഖ്യയും ഉയരുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഇന്നലെ രാത്രിയിലും ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം നടത്തി. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചതെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ തിരിച്ചടികളിൽ ഇസ്രയേലിൽ ഇതുവരെ 6 പേർ മരിച്ചതായി ജെറുസലെം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ 2 മരണവും കൂടാതെ ഇതുവരെയുള്ള ആക്രമണങ്ങളിൽ 100 -ലതികം പേർക്ക് പരുക്കേറ്റിട്ടുമുണ്ട് .
ടെഹ്‌റാനിലെ ഇറാന്റെ പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ടും ടെഹ്‌റാനിലേയും ഹൈഫയിലേയും എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഇസ്രയേല്‍ ഇന്നലെ ആക്രമണം നടത്തി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ സുപ്രധാന എണ്ണ ശേഖരണ വിതരണ കേന്ദ്രങ്ങളിലൊന്നാണിത്. രാജ്യത്തെ ആവശ്യത്തിനും വിദേശ രാജ്യങ്ങളിലേക്കും വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ ഇവിടെ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണ് ബുഷഹ്‌ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയും ആക്രമണത്തിന് ഇരയായി. പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ മന്ത്രാലയം ആസ്ഥാനത്തെ കെട്ടിടങ്ങള്‍ തകര്‍ന്നു. മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇനൊവേഷന്‍ ആന്റ് റിസര്‍ച്ചിലനെ ലക്ഷ്യമിട്ടും മിസൈലാക്രമണം നടന്നു. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ 130-തോളം പേര് മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. മുന്നൂറിലതികം പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ആക്രമണങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന സൂചനയാണ് ഇരുരാജ്യങ്ങളിലെയും നേതാക്കളുടെ പ്രതികരണങ്ങൾ നൽകുന്ന സൂചന. ജറുസലേമിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളോട് പ്രതികരിച്ച ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കറ്റ്സിൻ്റെ വാക്കുകൾ ഇതിൻ്റെ സൂചന നൽകുന്നു. ഇറാൻ ആക്രമണം തുടർന്നാൽ ടെഹ്റാൻ അഗ്നിക്കിരയാക്കും എന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ താക്കീത്. എന്നാൽ ഇസ്രയേലിനെ സഹായിക്കുന്ന എല്ലാവരെയും ആക്രമിക്കുമെന്നാണ് ഇറാൻ്റെ നിലപാട്. വേണ്ടിവന്നാൽ പശ്ചിമേഷ്യൻ മേഖലയിലെ യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സൈനിക താവളങ്ങൾ ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു.
ഇറാനിലെ അയത്തൊള്ള ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാനിലെ പ്രധാന ആണവസമ്പുഷ്ടീകരണ മേഖലയില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനായെന്നും ആവശ്യമെങ്കില്‍ ഇനിയും അവിടെ ആക്രമിക്കുമെന്നും ഏറ്റവും പുതിയ വീഡിയോസന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. ബാലിസ്റ്റിക് മിസൈലുകളില്‍നിന്ന് വലിയ ഭീഷണിയാണുള്ളത്. അതിനാല്‍, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ഉത്പാദനശേഷി ഇല്ലാതാക്കാനുള്ള നടപടികള്‍ തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇറാന്റെ മിസൈല്‍ ഉത്പാദനശേഷി നശിപ്പിക്കാനുള്ള നടപടികളാണ് ഇസ്രയേല്‍ പ്രതിരോധസേന ഇപ്പോള്‍ നടത്തിവരുന്നത്. തങ്ങള്‍ ടെഹ്‌റാനിലേക്കുള്ള വഴിയൊരുക്കി കഴിഞ്ഞു. അധികംവൈകാതെ ഇസ്രയേലി വിമാനങ്ങളെയും പൈലറ്റുമാരെയും നിങ്ങള്‍ക്ക് ടെഹ്‌റാന്റെ ആകാശത്തുകാണാമെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഇറാനെതിരെ ആക്രമണം നടത്താൻ ഇറാഖിന്റെ വ്യോമമേഖല ഉപയോഗിക്കുന്നതിൽ നിന്ന് ഇസ്രയേൽ യുദ്ധവിമാനങ്ങളെ തടയണമെന്ന് ഇറാഖ് യുഎസിനോട് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി റഷ്യൻ പ്രസിഡന്റ്റ് വ്ലാഡിമിർ പുട്ടിൻ ഫോണിൽ സംസാരിച്ചു. ഇറാനെ ആക്രമിച്ച ഇസ്രയേൽ നടപടിയെ പുട്ടിൻ അപലപിച്ചു.