Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ഇന്ത്യ-പാക് വെടിനിർത്തൽ കരാറിൽ വ്യത്യസ്ത നിലപാടുമായി ശശി തരൂർ
ശശി തരൂർ

ഇന്ത്യ-പാക് വെടിനിർത്തൽ കരാറിൽ വ്യത്യസ്ത നിലപാടുമായി ശശി തരൂർ

by Editor
Send your news and Advertisements

ഇന്ത്യ-പാക് വെടിനിർത്തൽ കരാറിൽ വ്യത്യസ്ത നിലപാടുമായി കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റി അംഗം ശശി തരൂർ. അമേരിക്കയുടെ മധ്യസ്ഥയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ വിമർശിച്ചു കോൺഗ്രസ്‌ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ശശി തരൂരിന്റെ വ്യത്യസ്ത നിലപാട്. ഇന്ദിര ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കോൺ​ഗ്രസ് വിമർശനം.

1971-ലെ സ്ഥിതി അല്ല 2025-ൽ എന്ന് ശശി തരൂർ പറഞ്ഞു. ഈ യുദ്ധം തുടരാൻ രാജ്യം ആഗ്രഹിച്ചിരുന്നില്ല. ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു നമ്മുടെ ലക്ഷ്യം. അന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ധാര്‍മികമായ പോരാട്ടമാണ് നടന്നത്. ബംഗ്ലാദേശിനെ മോചിപ്പിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഇന്ന് തീവ്രവാദികളെ ഇന്ത്യയിലേക്ക് അയച്ചവരെ പാഠം പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അവരെ ഒരു പാഠം പഠിപ്പിച്ച് കഴിഞ്ഞതായി ശശി തരൂർ പറഞ്ഞു. വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് പാക്കിസ്ഥാനെ ശശി തരൂർ വിമർശിക്കുകയും ചെയ്‌തിരുന്നു.

വെടിനിർത്തൽ പ്രഖ്യാപിക്കാൻ അമേരിക്ക ഇടപ്പെട്ടതിനെ കോൺഗ്രസ് ചോദ്യം ചെയ്യുന്നു. രാജ്യത്തിന്റെ കാര്യം ട്രംപിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗവും പ്രത്യേക പാർലമെന്റ് സമ്മേളനവും വിളിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു.

അതിനിടെ വെടിനിർത്തലില്‍ യുഎസ് മധ്യസ്ഥ ശ്രമം ആവർത്തിച്ച് ട്രംപ് തന്റെ സോഷ്യൽ മീഡിയ പേജിൽ പുതിയ പോസ്റ്റുമായി രംഗത്തുവന്നു. “ഈ ചരിത്രപരമായ തീരുമാനത്തിലേക്ക് ഇന്ത്യയെയും പാക്കിസ്ഥാനെയും എത്തിക്കാൻ സാധിച്ചതിൽ യുഎസിന് അഭിമാനമുണ്ട്. ചർച്ച ചെയ്‌തിട്ടില്ലെങ്കിലും, ഈ രണ്ട് മഹത്തായ രാജ്യങ്ങളുമായുള്ള വ്യാപാരം ഞാൻ ഗണ്യമായി വർധിപ്പിക്കാൻ പോകുകയാണ്. കശ്‌മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരമുണ്ടാക്കാനും ഞാൻ ശ്രമിക്കാം. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ” – ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

യുഎസ് മധ്യസ്ഥതയിലുള്ള ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് എക്സിൽ ഇന്നലെ കുറിച്ചിരുന്നു. എന്നാൽ ഇന്ത്യ യുഎസിന്റെ നേതൃത്വത്തിൽ നടത്തിയ മധ്യസ്ഥ ശ്രമം പരാമർശിക്കാതെയാണ് വെടിനിർത്തൽ കരാർ സ്‌ഥിരീകരിച്ചത്. പാക്ക് മിലിട്ടറി ഓപ്പറേഷൻ ഡിജിയുടെ ആവശ്യപ്രകാരമാണ് ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കിയിരുന്നു. പിന്നീട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റെ എക്‌സ് പോസ്‌റ്റിലും യുഎസ് മധ്യസ്‌ഥ ശ്രമത്തെ പറ്റി പരാമർശിച്ചിരുന്നില്ല.

ഇന്ത്യയുടെ തിരിച്ചടിയിൽ ഭയന്നുപോയ പാക്കിസ്ഥാൻ അമേരിക്കയെ കൂട്ടുപിടിച്ചു വെടിനിർത്തലിൽ എത്തിച്ചു.

You may also like

error: Content is protected !!