Thursday, July 31, 2025
Mantis Partners Sydney
Home » ആൽഫ്രഡ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെ തീരം കടക്കും; സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു, അതീവ ജാഗ്രത.
ആൽഫ്രഡ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെ തീരം കടക്കും; സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു, അതീവ ജാഗ്രത.

ആൽഫ്രഡ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെ തീരം കടക്കും; സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു, അതീവ ജാഗ്രത.

by Editor

ബ്രിസ്‌ബേൻ: കാറ്റഗറി 2 സിസ്റ്റത്തിൽ പെട്ട ആൽഫ്രഡ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെ തീരം കടക്കും എന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നിലവിൽ കൊടുങ്കാറ്റ് ബ്രിസ്ബേനിൽ നിന്ന് 335 കിലോമീറ്റർ കിഴക്കും ഗോൾഡ് കോസ്റ്റിൽ നിന്ന് 310 കിലോമീറ്റർ വടക്ക്-കിഴക്കും മാറി സ്ഥിതിചെയ്യുന്നു. വ്യാഴാഴ്‌ച രാത്രിയോടുകൂടി തീരത്തേക്ക് എത്തുന്ന ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെ തീരം കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തെക്ക്-കിഴക്ക് ക്വീൻസ്‌ലാൻഡിലെയും വടക്ക്-കിഴക്കൻ ന്യൂ സൗത്ത് വെയിൽസിലെയും തീരദേശത്തും , ദ്വീപ് സമൂഹങ്ങളിലും ഇന്ന് വൈകിട്ടു മുതൽ മണിക്കൂറിൽ 120 മുതൽ 155 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും, വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇത് തുടരുമെന്നും പ്രതീക്ഷിക്കുന്നതായി ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ വേലിയേറ്റ സമയത്താണ് ചുഴലിക്കാറ്റ് തീരം കടക്കുന്നത് എങ്കിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാനും തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടാനും സാധ്യതയുണ്ട്. പ്രത്യേകിച്ചും ഡബിൾ ഐലൻഡ് പോയിന്റിനും ഗ്രാഫ്റ്റണിനും ഇടയിലുള്ള തീരദേശ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ട്. നാളെ മുതൽ തെക്ക്-കിഴക്കൻ ക്വീൻസ്‌ലാൻഡിലും വടക്ക്-കിഴക്കൻ ന്യൂ സൗത്ത് വെയിൽസിലും കനത്ത മഴയും പ്രതീക്ഷിക്കാം.

വ്യാഴാഴ്ച അർദ്ധരാത്രിയോ വെള്ളിയാഴ്ച പുലർച്ചെയോ ചുഴലിക്കാറ്റ് കരയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ നൂസ, സൺഷൈൻ കോസ്റ്റ്, റെഡ്‌ലാൻഡ്‌സ്, ബ്രിസ്‌ബേൻ, ലോഗൻ, ഇപ്‌സ്‌വിച്ച്, സീനിക് റിം, ഗോൾഡ് കോസ്റ്റ്, ഡാർലിംഗ് ഡൗൺസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ  പൊതുവിദ്യാലയങ്ങൾക്ക് അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്ന് ക്വീൻസ്‌ലാൻഡ് സർക്കാർ അറിയിച്ചു. കൂടാതെ ചുഴലിക്കാറ്റ് മേഖലയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പൊതുഗതാഗതം നിർത്തുമെന്നും ക്യുഎൻസ്ലാൻഡ് പ്രീമിയർ ഡേവിഡ് ക്രിസഫുള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്കൂളുകളുടെ കൂടുതൽ ഡീറ്റെയിൽസ് അറിയാൻ ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക.

https://closures.qld.edu.au/
https://education.nsw.gov.au/schooling/school-operational-status

Send your news and Advertisements

You may also like

error: Content is protected !!