യുഎസ് തലസ്ഥാനമായ വാഷിങ്ടൻ ഡിസി ഇന്നു പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന്റെ തിരക്കിലമരും. യുഎസിന്റെ 47–ാം പ്രസിഡന്റായി അടുത്ത 4 വർഷം ഭരിക്കാൻ പോകുന്ന ട്രംപും അദ്ദേഹത്തിനൊപ്പം വൈസ് പ്രസിഡന്റാകുന്ന ജെ.ഡി.വാൻസും വാഷിങ്ടന്‍ ഡിസിയിൽ അമേരിക്കൻ സമയം ഇന്ന് ഉച്ചയ്ക്ക് 12-ന് ആണ് അധികാരമേൽക്കുന്നത്. 78 -കാരനായ ഡൊണാൾഡ് ട്രംപ് ഇത് രണ്ടാം തവണയാണ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. സത്യപ്രതിജ്ഞയ്ക്കുശേഷം സെനറ്റ് ചേംബറിനടുത്തുള്ള പ്രസിഡന്റിന്റെ മുറിയിലെത്തി ട്രംപ് രേഖകളിൽ ഒപ്പുവയ്ക്കും. തുടർന്ന് സംഗീതാവതരണവും ഉദ്ഘാടന പരേഡും ഔദ്യോഗിക സൽക്കാര ചടങ്ങുകളും നടക്കും. ക്യാപിറ്റൽ വൺ അറീനയിലാണ് പരേഡ്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ്, ബരാക് ഒബാമ, ഹിലരി ക്ലിൻൺ, ശതകോടീശ്വരന്മാരായ ഇലോൺ മസ്‌ക്, മെറ്റ സി ഇ ഒ മാർക് സക്കർബെർഗ്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ആപ്പിൾ സി ഇ ഒ ടിം കുക്ക്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയെ പ്രതിനീധകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കും.
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായി സംഘടിപ്പിച്ച സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള അത്താഴ വിരുന്നിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയും പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള അത്താഴ വിരുന്നിൽ പങ്കെടുക്കുന്ന, എം3എം ഡെവലപ്പേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ പങ്കജ് ബൻസാൽ, ട്രൈബെക്ക ഡെവലപ്പേഴ്‌സിന്റെ സ്ഥാപകൻ കൽപേഷ് മേത്ത എന്നിവരടക്കമുള്ള മറ്റ് ഇന്ത്യൻ സംരംഭകർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നു. ട്രംപ് ടവേഴ്‌സിന്റെ ലൈസൻസുള്ള ഇന്ത്യൻ പാര്‍ട്ണറാണ് കൽപേഷ് മേത്ത. ട്രംപ് ബ്രാൻഡ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യയിൽ ട്രംപ് ടവറുകൾ വികസിപ്പിക്കുന്നതിൽ പങ്കജ് ബൻസലിന്റെ എം3എം ഡെവലപ്പേഴ്‌സും ഒരു പ്രധാന പങ്കാളിയാണ്. മുകേഷിന്റെയും നിത അംബാനിയുടെയും അരികിൽ പോസ് ചെയ്യുന്ന ഫോട്ടോ മേത്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ആമസോൺ മേധാവി ജെഫ് ബെസോസ് ഉൾപ്പെടെയുള്ള ആഗോള വ്യവസായ പ്രമുഖരും അത്താഴവിരുന്നിൽ പങ്കെടുത്തു.
അമേരിക്കൻ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് (ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 10:30) ആണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വാഷിംഗ്ടൺ ഡിസിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്. 1985-ന് ശേഷം ഇതാദ്യമായി കാലാവസ്ഥ കണക്കിലെടുത്ത് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. അമേരിക്കയിൽ അതിശൈത്യകാലാവസ്ഥ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് യുഎസ് ക്യാപിറ്റോളിലെ റോട്ടൻഡ ഹാളിലാകും സത്യപ്രതിജ്ഞ നടക്കുക. യു എസ് ക്യാപിറ്റോളിലെ മകുടത്തിനു താഴെയുള്ള ഹാളാണ് റോട്ടൻഡ.മൈനസ് 11 ഡിഗ്രി സെൽഷ്യൽസ് വരെ താപനില താഴുമെന്നതിനാലാണ് ചടങ്ങുകൾ ഹാളിനകത്ത് നടത്തുന്നത്. 1985-ൽ റൊണാൾഡ് റീഗനാണ് ഏറ്റവുമൊടുവിൽ ഹാളിനകത്ത് സത്യപ്രതിജ്ഞ ചെയ്തത്.