കാൻബറ: ഓസ്ട്രേലിയയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്ക് യൂട്യൂബിനും ബാധകമാക്കി. നേരത്തെ അമേരിക്കൻ കമ്പനിയായ ആൽഫബെറ്റിൻ്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനെ ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ 37 ശതമാനം കുട്ടികളും യൂട്യൂബിൽ അപകടകരമായ ഉള്ളടക്കം കണ്ടതായി സർവേയിൽ കണ്ടെത്തിയതിനെ തുടർന്നാണ് യൂട്യൂബിനെക്കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം. നേരത്തെ യൂട്യൂബിനെ ഒഴിവാക്കിയ തീരുമാനം ചോദ്യം ചെയ്‌ത് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ് ബുക്കും ഇൻസ്റ്റഗ്രാമും സ്നാപ്ചാറ്റും ടിക്ക് ടോക്കും രംഗത്തു വന്നിരുന്നു.
വിദ്യാഭ്യാസപരമായ കാര്യങ്ങൾക്ക് യൂട്യൂബ് വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ് നേരത്തെ വിലക്കിൽ നിന്ന് ഒഴിവാക്കിയിരുന്നത്. എന്നാൽ യൂട്യൂബിനും സമാനമായ ഫീച്ചറുകളുണ്ടെന്നും ഉപയോക്താക്കളുടെ ഇടപെടലും ഉള്ളടക്ക ശുപാർശകളും ഒരുപോലെയാണെന്നും ഫേസ് ബുക്കും ഇൻസ്റ്റാഗ്രാമും സ്‌നാപ്ചാറ്റും ടിക് ടോക്കും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം സോഷ്യൽ മീഡിയയ്ക്ക് സാമൂഹികപരമായ ഉത്തരവാദിത്തമുണ്ടെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ചൂണ്ടിക്കാട്ടി. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഓസ്ട്രേലിയൻ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നു എന്നതിൽ സംശയമില്ല. അതിനാൽ ഇതിനൊരു സമയം കുറിക്കുകയാണ്. ഓസ്ട്രേലിയൻ രക്ഷിതാക്കൾക്കൊപ്പം സക്കാരുണ്ടെന്ന് ഉറപ്പ് നൽകുന്നുവെന്നും പ്രധാനമന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു.