മെൽബൺ: ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നു. ഉഷ്‌ണതരംഗം ന്യൂ സൗത്ത് വെയിൽസിലേക്ക് വ്യാപിക്കുന്നതിനാൽ സിഡ്‌നിയിലും പരിസരപ്രവേശങ്ങളിലും ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ന്യൂ സൗത്ത് വെയിൽസിന്റെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
വടക്കൻ മെൽബണിലെ റഫി ടൗണിൽ പത്തോളം വീടുകൾ കാട്ടുതീയിൽ പൂർണമായും കത്തിനശിച്ചു. സംസ്ഥാനത്ത് വരും മണിക്കൂറുകൾ അതീവ നിർണായകമാണെന്ന് വിക്ടോറിയ പ്രീമിയർ ജസീന്ത അലൻ മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റും നാൽപ്പതിലധികം ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കടുത്ത ചൂടും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. ലോംഗ്‌വുഡിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഇവരുടെ വീട് നിന്നിരുന്ന ഭാഗം പൂർണമായും ചാമ്പലായ നിലയിലാണ്. കാട്ടുതീ അണയ്ക്കാൻ പോയ സന്നദ്ധ സേനാംഗത്തിൻ്റെ വീടും തീപിടുത്തത്തിൽ നശിച്ചു.
തീകെടുത്താനുള്ള ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ ഒരു രക്ഷാപ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ 70,000-ത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. 2019 ലെ ബ്ലാക്ക് സമ്മർ തീപിടുത്തത്തിന് ശേഷം ആദ്യമായാണ് വിക്ടോറിയയിൽ ഇത്രയും വലിയ അപകട സാധ്യത പ്രഖ്യാപിക്കുന്നത്. വായുസേനയുടെ നിരീക്ഷണവും സ്ഥലത്ത് ശക്തമാക്കിയിട്ടുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള നിർദ്ദേശം ലഭിച്ചാൽ ഒട്ടും വൈകാതെ പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം വടക്കൻ ക്വീൻസ്‌ലാൻഡിനടുത്തുള്ള കോറൽ കടലിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ന്യൂനമർദം കാറ്റഗറി 1 ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12U എന്ന് പേരിട്ടിരിക്കുന്ന സാവധാനത്തിൽ നീങ്ങുന്ന ന്യൂനമർദം ഇന്ന് രാത്രി വടക്കൻ തീരത്തേക്ക് നീങ്ങുകയും ഇന്ന് വൈകുന്നേരം അല്ലെങ്കിൽ ഞായറാഴ്ച പുലർച്ചെ കെയ്‌ൻസിനും അയറിനും ഇടയിൽ കരയിലെത്തുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. കനത്ത കാറ്റും മഴയും പ്രദേശത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ ബ്യൂറോ മുന്നറിയിപ്പ് നൽകുന്നു. ഈർപ്പമുള്ള മണ്ണ്, മരങ്ങൾ വീഴുന്നതിനും മണ്ണിടിച്ചിലിനും സാധ്യത വർദ്ധിപ്പിക്കുന്നതായി ബ്യൂറോ മുന്നറിയിപ്പ് നൽകുന്നു.



