Mantis Partners Sydney
Friday, March 6, 2026
Mantis Partners Sydney
Home » പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് രാജിവെച്ചു; വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം
CV Ananda Bose

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് രാജിവെച്ചു; വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം

by Editor
Send your news and Advertisements

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് രാജിവെച്ചു. ഇന്നലെ (മാർച്ച് 5 വ്യാഴാഴ്ച) ഡൽഹിയിൽ വെച്ച് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് സമർപ്പിച്ചു. മൂന്നര വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ഗവർണർ പദവിയിൽ നിന്ന് ആനന്ദ ബോസ് പടിയിറങ്ങുന്നത്. ഗവർണർ പദവിയിൽ മൂന്നര വർഷത്തോളം മതിയായ സമയം ചെലവഴിച്ചെന്നും അതിനാൽ പദവി ഒഴിയുകയാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം, രാജിക്കത്തിൽ കാരണം വ്യക്തമാക്കിയിട്ടില്ലെന്നാണ് സൂചന. ബംഗാൾ സർക്കാരുമായുള്ള നിരന്തരമായ അഭിപ്രായ വ്യത്യാസങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ്. കോട്ടയം മണ്ണാർക്കാട് സ്വദേശിയാണ് സി വി ആനന്ദ ബോസ്. ഇന്ത്യയുടെ ഗവ. സെക്രട്ടറി, ചീഫ് സെക്രട്ടറി, യൂണിവേഴ്സ‌ിറ്റി വൈസ് ചാൻസലർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. യുഎന്നുമായി കൂടിയാലോചനാ പദവിയിൽ ഹാബിറ്റാറ്റ് അലയൻസിൻ്റെ ചെയർമാനും യുഎൻ ഹാബിറ്റാറ്റ് ഗവേണിംഗ് കൗൺസിൽ അംഗവുമാണ്.

നിലവിലെ തമിഴ്‌നാട് ഗവർണർ ആർ എൻ രവിയെ പുതിയ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കും. കേരളത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി, വിവിധ ജില്ലകളിൽ കലക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022 നവംബറിലാണ് ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി കേന്ദ്ര സർക്കാർ നിയമിച്ചത്.

ആനന്ദ ബോസിന്റെ രാജി അപ്രതീക്ഷിതമാണെന്നും തന്നെ ഞെട്ടിച്ചെന്നുമാണ് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്നും അവർ ആരോപിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം

കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്‌നാടിന്റെ ചുമതല കൂടി നല്‍കി. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും മാറ്റിയിട്ടുണ്ട്. ഹിമാചല്‍പ്രദേശ് ഗവര്‍ണറായിരുന്ന ശിവ് പ്രതാപ് ശുക്ലയെ തെലുങ്കാന ഗവര്‍ണറായി നിയമിച്ചു. തെലുങ്കാന ഗവര്‍ണറായിരുന്ന ജിഷ്ണു ദേവ് വര്‍മ്മയെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു. നാഗാലന്‍ഡ് ഗവര്‍ണറായി നന്ദ കിഷോര്‍ യാദവിനെ നിയമിച്ചു. ബിഹാര്‍ ഗവര്‍ണറായി സയ്യിദ് അതാ ഹസ്നൈനെ നിയമിച്ചു. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. അരഞ്ജിത് സിംഗ് സന്ധുവിനെ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു.

You may also like

error: Content is protected !!