വാഷിംഗ്ടൺ: ക്യൂബയ്ക്കെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയിൽ നിന്ന് ലഭിച്ച എണ്ണയും സാമ്പത്തിക സഹായവും ഇനി ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് പറഞ്ഞ ട്രംപ് കാര്യങ്ങൾ വളരെ വൈകുന്നതിന് മുമ്പ് യു.എസുമായി കരാറിലേർപ്പെടണമെന്നും ആവശ്യപ്പെട്ടു. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഈ അന്ത്യശാസനം.
വെനസ്വേലയെ സംരക്ഷിക്കാൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയായ അമേരിക്ക ഉണ്ട്. അതിനാൽ ക്യൂബൻ സുരക്ഷാ സേനയുടെ ആവശ്യം അവർക്കില്ല. കഴിഞ്ഞയാഴ്‌ച നടന്ന യു.എസ് ആക്രമണത്തിൽ വെനസ്വേലയിലുണ്ടായിരുന്ന മിക്ക ക്യൂബൻ സൈനികരും കൊല്ലപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു. കാലങ്ങളായി വെനസ്വേല നൽകി വന്നിരുന്ന എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ നിലനിന്നിരുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഇതിന് പകരമായി വെനസ്വേലൻ സ്വേച്ഛാധിപതികൾക്ക് ക്യൂബ സുരക്ഷാ സേവനങ്ങൾ നൽകി. എന്നാൽ ഇനി ഒരു തുള്ളി എണ്ണയോ പണമോ വെനിസ്വേലയിൽ നിന്ന് ക്യൂബയിലേക്ക് പോകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. മാത്രമല്ല ക്യൂബ തനിയെ തകരാൻ സാധ്യതയുള്ളതിനാൽ നിലവിൽ സൈനിക നടപടിയുടെ ആവശ്യം താൻ കാണുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ക്യൂബ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണെന്നും രാജ്യം തകർച്ചയുടെ വക്കിലാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അഭിപ്രായപ്പെട്ടു. ട്രംപിന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെ ശക്തമായ മറുപടിയുമായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ രംഗത്തെത്തി. ക്യൂബ ഒരു പരമാധികാര രാഷ്ട്രമാണെന്നും എന്ത് ചെയ്യണമെന്ന് മറ്റൊരു രാജ്യവും തങ്ങളോട് ആജ്ഞാപിക്കേണ്ടതില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു.
അതേസമയം വെനസ്വേലയിലെ സൈനിക നടപടിയിൽ യു.എസ് സൈന്യം ദുരൂഹമായ പ്രത്യേക തരം ആയുധം പ്രയോഗിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള ഓപ്പറേഷനിടെ തീവ്രമായ ശബ്‌ദ തരംഗം പോലുള്ള ഒരായുധം വെനസ്വേലൻ സൈനികരെ പ്രവർത്തന രഹിതരാക്കിയെന്ന് വെനസ്വേലൻ സൈന്യത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ‘ആക്രമണത്തിൻ്റെ ഒരു ഘട്ടത്തിൽ അവർ എന്തോ വിക്ഷേപിച്ചു; അത് എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. അത് വളരെ തീവ്രമായ ഒരു ശബ്‌ദ തരംഗം പോലെയായിരുന്നു. പെട്ടെന്ന്, എൻ്റെ തല അകത്തു നിന്നും പൊട്ടിത്തെറിക്കുന്നതായി തോന്നി. ഞങ്ങൾ എല്ലാവരുടെയും മൂക്കിൽ നിന്ന് രക്തസ്രാവം തുടങ്ങി. ചിലർ രക്തം ഛർദ്ദിച്ചു. നിലത്ത് വീണ് ചലിക്കാൻ കഴിയാതെയായി. ആ ശബ്‌ദായുധം ഉപയോഗിച്ചതിന് ശേഷം ഞങ്ങൾക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിഞ്ഞില്ല‘- മൈക്ക് നെറ്റർ എന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
അമേരിക്കൻ സൈന്യം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് റഡാർ സംവിധാനങ്ങൾ പ്രവർത്തന രഹിതമാക്കുകയും പ്രദേശത്താകമാനം ഡ്രോണുകൾ വിന്യസിച്ച് വെനസ്വേലൻ സൈന്യത്തിന് പ്രതിരോധിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാക്കുകയും ചെയ്‌തു എന്നും മൈക്ക് നെറ്റർ വെള്ളിയാഴ്ച എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച മാധ്യമ അഭിമുഖത്തിൽ പറയുന്നു. ‘ഞങ്ങൾ ജാഗ്രതയിലായിരുന്നു, എന്നാൽ പെട്ടെന്ന് ഒരു വിശദീകരണവുമില്ലാതെ ഞങ്ങളുടെ എല്ലാ റഡാർ സംവിധാനങ്ങളും പ്രവർത്തന രഹിതമായി. തുടർന്ന് കണ്ടത് ഞങ്ങളുടെ തലയ്ക്ക് മുകളിലൂടെ പറക്കുന്ന ധാരാളം ഡ്രോണുകളാണ്. എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അവർ സാങ്കേതികമായി വളരെ പുരോഗമിച്ചവരായിരുന്നു, ഞങ്ങൾ മുമ്പ് പോരാടിയ യുദ്ധങ്ങളുമായി അവയ്ക്ക് സാമ്യമില്ലായിരുന്നു. ഇതൊരു യുദ്ധമല്ല, കൂട്ടക്കൊലയാണ്. യു.എസ് സൈന്യത്തിൻ്റെ വേഗതയും കൃത്യതയും കാരണം വെനസ്വേലൻ സൈന്യത്തിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.’ – വെനസ്വേലൻ സുരക്ഷാ ഉദ്യോഗസ്ഥൻ മൈക്ക് നെറ്റർ വെളിപ്പെടുത്തി.
ജനുവരി മൂന്നിലെ ഓപ്പറേഷനിൽ ഏകദേശം 100 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി വെനസ്വേലയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരണങ്ങൾ ഏതെങ്കിലും ആയുധവുമായി ബന്ധപ്പെട്ടിരുന്നോ എന്ന് വ്യക്തമല്ല. ഈ വിവരണം മൈക്രോവേവുകൾ അല്ലെങ്കിൽ ലേസറുകൾ പോലുള്ള ഊർജം ഉപയോഗിച്ച് ലക്ഷ്യങ്ങളെ പ്രവർത്തന രഹിതമാക്കുന്ന ഡയറക്‌ട് എനർജി ആയുധങ്ങളുമായി സാമ്യമുള്ളതാണെന്ന് ഒരു മുൻ യു.എസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്കൻ സൈന്യത്തിൻ്റെ പക്കൽ കാലങ്ങളായി ഇത്തരം സംവിധാനങ്ങളുടെ പതിപ്പുകൾ ഉണ്ടെന്നും അത്തരം ചില സംവിധാനങ്ങൾക്ക് രക്തസ്രാവം, വേദന, പൊള്ളൽ, മനുഷ്യരെ പ്രവർത്തന രഹിതരാക്കൽ എന്നിവ ഉണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.



