ശബരിമല സന്നിധാനത്ത് വിഷുക്കണി ദർശനം 15-ന്. ഭക്തര്‍ക്ക് കണികണ്ട് തൊഴുന്നതിനൊപ്പം ശ്രീകോവിലില്‍ നിന്ന് വിഷു കൈനീട്ടവും ലഭിക്കും. ഐശ്വര്യ സമൃദ്ധിക്കും സൗഭാഗ്യത്തിനുമായി ഭക്തര്‍ കാത്തിരുന്ന അയ്യപ്പസന്നിധിയിലെ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 15-ന് പുലർച്ചെ നാലുമുതൽ ഏഴുമണിവരെയാണ് വിഷുക്കണി ദർശനം. പതിനാലിന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം മേൽശാന്തി, കീഴ്‌ശാന്തി പരികർമികൾ എന്നിവർ ചേർന്നു ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയ ശേഷമാണ് രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നത്. പുലർച്ചെ നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ചു ആദ്യം ശബരീശനെയാണ് കണി കാണിക്കുന്നത്. അതിനുശേഷമാണ് ഭക്തർക്ക് വിഷുക്കണിക്ക് അവസരം.
സാധാരണ മേടം ഒന്നിനാണ് വിഷു ആഘോഷം എങ്കിലും ഇത്തവണ ഉദയത്തിനു ശേഷമാണ് സൂര്യൻ അടുത്ത രാശിയിലേക്കു മാറുന്നത്. അതിനാലാണ് മേടം രണ്ടിന് വിഷുക്കണി ദർശനം വന്നത്. 18 വരെ പൂജകളും ദർശനത്തിനുള്ള സൗകര്യവും ഉണ്ട്. 18-ന് രാത്രി 10ന് നട അടയ്ക്കും. മണ്ഡല- മകരവിളക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീർഥാടകർ ദർശനത്തിന് എത്തുന്നത് വിഷുവിനാണ്. അതിനാൽ മിനി തീർഥാടനത്തിനുള്ള തയാറെടുപ്പുകളാണ് ദേവസ്വം ബോർഡ് നടത്തുന്നത്. തിരക്ക് നിയന്ത്രണത്തിന് പൊലീസ് വിപുലമായ ക്രമീകരണമാണ് ഒരുക്കുന്നത്. കൂടുതൽ പൊലീസും എത്തുന്നുണ്ട്. പമ്പയിൽ കെഎസ്ആർടിസി താത്‌കാലിക ഡിപ്പോ തുടങ്ങി. പമ്പ – നിലയ്ക്കൽ ചെയിൻ സർവീസിന് 76 ബസ് എത്തിയിട്ടുണ്ട്. ഇതിനുപുറമെ തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കുമളി എന്നിവടങ്ങളിൽ നിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസും തുടങ്ങി.

