Tuesday, January 13, 2026
Mantis Partners Sydney
Home » ഉസ്‌മാൻ ഹാദിയ്ക്ക് പിന്നാലെ മറ്റൊരു നേതാവിനും വെടിയേറ്റു; ബംഗ്ലാദേശിൽ സംഘർഷം തുടരുന്നു

ഉസ്‌മാൻ ഹാദിയ്ക്ക് പിന്നാലെ മറ്റൊരു നേതാവിനും വെടിയേറ്റു; ബംഗ്ലാദേശിൽ സംഘർഷം തുടരുന്നു

by Editor

ചിറ്റഗോങ്: ബംഗ്ലാദേശിൽ ജെൻസി നേതാവ് ഉസ്‌മാൻ ഹാദി വെടിയേറ്റ് മരിച്ചതിന് പിന്നാലെ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ (എൻസിപി) തൊഴിലാളി നേതാവിനും വെടിയേറ്റു. മൊത്തലിബ് ഷിക്ദറിനാണ് പ്രതിഷേധത്തിനിടെ വെടിയേറ്റതെന്നാണ് റിപ്പോർട്ട്. ഇയാളുടെ തലയുടെ ഇടതുഭാഗത്ത് ആണ് വെടിയേറ്റത്. തലയ്ക്ക് ഗുരുതര പരിക്കുകളോടെ ഇദേഹത്തെ ഖുൽന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻസിപി തൊഴിലാളി സംഘടനയായ ജാതീയ ശ്രമിക് ശക്തിയുടെ കേന്ദ്ര നേതാവായ എം.ഡി. മുത്തലിബ് ഷിക്ദാർ

ഖുൽന നഗരത്തിലെ സൊനാഡംഗയിലുള്ള വീട്ടിൽ രാവിലെ 11.45 നാണ് വെടിയേറ്റത്. ഖുൽനയിൽ നടത്താൻ നിശ്ചയിച്ച ഡിവിഷണൽ തൊഴിലാളി റാലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മുത്തലിബ്. സൊനാഡംഗയിലെ ഗാസി മെഡിക്കൽ കോളജ് ആശുപത്രിക്ക് പിന്നിലുള്ള വീട്ടിൽ വെച്ച് അജ്ഞാത ആക്രമണകാരികളാണ് ഷിക്‌ദാറിനെ വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു.

ഇതിനിടെ തന്നെ ന്യൂജൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ഷെരീഫ് ഉസ്മാൻ ഹാദിയെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ഫൈസൽ കരിം മസുദിനെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. ഇയാൾ രാജ്യം വിട്ടോ എന്നതിൽ വ്യക്തതയില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വ്യാഴാഴ്ച്‌ച ധാക്കയിൽ അജ്ഞാതരുടെ വെടിയേറ്റാണ് ഉസ്‌മാൻ ഹാദി മരിച്ചത്. സംഭവത്തിന് നാല് ദിവസത്തിന് ശേഷമാണ് ഷിക്‌ദാറിനും വെടിയേൽക്കുന്നത്. ഹാദി ഇന്ത്യ വിരുദ്ധ പ്രവർത്തകനായിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയെ പുറത്താക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു. ഹാദിയുടെ കൊലപാതകത്തെ തുടർന്ന് ബംഗ്ലാദേശിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.

അതിനിടെ ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലെയും അഗർത്തലയിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനിലെയും കോൺസുലർ സേവനങ്ങളും വിസ പ്രവർത്തനങ്ങളും നിർത്തിവച്ചു.സുരക്ഷാ കാരണങ്ങളാലാണ് ഇന്ത്യയിലെ കോൺസുലർ സേവനങ്ങളും വിസ പ്രവർത്തനങ്ങളും നിർത്തിവക്കുന്നതെന്നു ബംഗ്ലാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദിപു ചന്ദ്രദാസിന്റെ കൊലപാതകത്തിൽ സിലിഗുരിയിലും കൊൽക്കത്തയിലും നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് നടപടി. ന്യൂഡൽഹിയിലെ ബംഗ്ലാദേശ് മിഷന് മുന്നിൽ 20-25 പേരടങ്ങുന്ന ഒരു സംഘം പ്രകടനം നടത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസം. ബംഗ്ലാദേശ് സംഘർഷങ്ങൾക്കിടെ മതനിന്ദ ആരോപിച്ച് ദീപു ചന്ദ്രദാസ് എന്ന യുവാവിനെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ്ഡൽഹിയിലെ ബംഗ്ലാദേശ് എംബസിക്ക് മുന്നിൽ ആൾക്കൂട്ടമെത്തിയത്. എന്നാൽ പ്രതിഷേധക്കാർ സുരക്ഷാപരിധി ലംഘിച്ചില്ലെന്നും നിമിഷങ്ങൾക്കുള്ളിൽ പൊലീസെത്തി പ്രതിഷേധക്കാരെ പിരിച്ചുവിട്ടെന്നുമാണ് ഇന്ത്യയുടെ വിശദീകരണം.

ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ബംഗ്ലാദേശിലെ ഇങ്ക്വിലാബ് മഞ്ച് പാർട്ടി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലെത്തിയതിന് തെളിവില്ലെന്ന് ബംഗ്ലാദേശ് പൊലീസ് വ്യക്തമാക്കി. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും സുരക്ഷയുറപ്പാക്കാൻ ഇന്ത്യ ആവശ്യമായതെല്ലാം ചെയ്യണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആവശ്യപ്പെട്ടു

Send your news and Advertisements

You may also like

error: Content is protected !!