സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2012 മുതൽ 2019 വരെ സിപിഐ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകര്‍ റെഡ്ഡി ആന്ധ്രാ പ്രദേശിൽ നിന്നുള്ള മുൻ ലോക് സഭാംഗവുമാണ്. ലോക്സഭയിൽ രണ്ടുതവണ നൽഗൊണ്ടയെ പ്രതിനിധീകരിച്ചെത്തിയ അദ്ദേഹം ജനങ്ങൾക്കായി നിരന്തര പോരാട്ടങ്ങൾ നടത്തിയ നേതാവാണ്.
അവിഭക്ത ആന്ധ്രപ്രദേശിലെ മെഹബൂബ് നഗർ ജില്ലയിലാണ് എസ്.സുധാകർ റെഡ്ഡിയുടെ ജനനം. വെങ്കിടേശ്വര യൂണിവേഴ്സിറ്റിയിൽ കോളജ് വിദ്യാഭ്യാസ കാലത്തു തന്നെ എഐഎസ്എഫ് പ്രവർത്തനങ്ങളിൽ സജീവമായി. എൽഎൽഎം വിദ്യാഭ്യാസം പൂർത്തിയായതോടെ പ്രവർത്തനകേന്ദ്രം ഡൽഹിയിലേക്കു മാറ്റി. രണ്ടു തവണ എഐഎസ്എഫ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് എഐവൈഎഫ് അധ്യക്ഷനായി. 1968-ൽ പാർട്ടി ദേശീയ കൗൺസിൽ അംഗമായി. സിപിഐ സംസ്‌ഥാന ആന്ധ്രാപ്രദേശ് സംസ്‌ഥാന അസിസ്‌റ്റന്റ് സെക്രട്ടറിയായും പിന്നീട് സംസ്‌ഥാന സെക്രട്ടറിയായും സുധാകർ റെഡ്‌ഡി തിരഞ്ഞെടുക്കപ്പെട്ടു. ബികെഎംയു സംസ്‌ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. താഴെത്തട്ടിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾക്കും വേണ്ടി നിരന്തരം പോരാടിയിരുന്ന ആളാണ് സുധാകർ റെഡ്ഡി.
സുധാകർ തന്റെ ജീവിതം മുഴുവൻ തൊഴിലാളി വർഗത്തിന്റെയും അടിച്ചമർത്തപ്പെട്ടവരുടെയും പോരാട്ടങ്ങൾക്കായി സമർപ്പിച്ച നേതാവാണെന്ന് സിപിഐ ദേശീയ നേതൃത്വം അനുശോചിച്ചു. ജനങ്ങൾക്കു വേണ്ടിയുള്ള ഒരു ആജീവനാന്ത പോരാളിയായ അദ്ദേഹം, സിപിഐയോടും ഇടതുപക്ഷ പ്രസ്ഥാനത്തോടുമുള്ള അദ്ദേഹത്തിന്റെ എളിമ, വ്യക്തത, അചഞ്ചലമായ പ്രതിബദ്ധത എന്നിവയാൽ ഓർമ്മിക്കപ്പെടും- സിപിഐ അനുശോചനക്കുറിപ്പിൽ പറഞ്ഞു.