Mantis Partners Sydney
Friday, February 27, 2026
Mantis Partners Sydney
Home » വെള്ളൂർ ന്യൂസ്പ്രിന്റ് ലിമിറ്റഡ് – പ്രതാപങ്ങളുടെ കാലം
വെള്ളൂർ ന്യൂസ്പ്രിന്റ് ലിമിറ്റഡ് - പ്രതാപങ്ങളുടെ കാലം

വെള്ളൂർ ന്യൂസ്പ്രിന്റ് ലിമിറ്റഡ് – പ്രതാപങ്ങളുടെ കാലം

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

by Editor
Send your news and Advertisements

ഫെബ്രുവരി 26 … കോട്ടയം ജില്ലയിലെ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡ് എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്തവർ മറക്കാത്ത ദിനം, മറക്കാൻ പറ്റാത്ത ദിനം. മധുരിക്കുന്ന ഓർമ്മകൾ നൽകുന്ന ദിനം. ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി ഒരു ഫെബ്രുവരി 26 കൂടിഎത്തുമ്പോൾ ഓർമ്മകൾ അയവിറക്കാതിരിക്കുന്നതെങ്ങനെ? ഇത് വായിക്കുന്ന സുഹൃത്തുക്കൾ വിചാരിക്കും ഫെബ്രുവരി 26? അതിൻ്റെ പ്രത്യേകത?

അതിലേക്ക്’ 650 ഏക്കറോളം സ്ഥലം അക്വയർ ചെയ്ത്, 1975 ജൂൺ 10-ന്, തറക്കല്ലിട്ട് നിർമ്മാണ പ്രവർത്തനം ആരംഭിച്ച, ഇന്ത്യയിലെ ഏറ്റവും വലിയ ഈ പത്രക്കടലാസ് നിർമ്മാണശാലയിലെ ആദ്യ പേപ്പർ റീൽ പുറത്തിറങ്ങിയ ദിനമാണ് ഫെബ്രുവരി 26- ഏവരും കാത്തിരുന്ന സുദിനം.

1982 ഫെബ്രുവരി 26-ന് ആദ്യ റീൽ പത്രക്കടലാസ് പുറത്തുവന്നതിന്റെ ഓർമ്മയ്ക്കായി 990 മുതൽ ഫെബ്രുവരി 26 ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്, നടത്തിവന്ന ദിനാഘോഷമാണ്. “HNLDay”. തന്റെ പ്രിയപ്പെട്ട സ്ഥാപനത്തിന്റെ പിറന്നാളാഘോഷമെന്ന് ഏവരും അടയാളപ്പെടുത്തിയത് ഫെബ്രുവരി 26 എന്ന ദിവസമായിരുന്നു.

ഇന്ന് എച്ച്.എൻ.എൽ അല്ലെങ്കിൽപ്പോലും, ആ ദിനം ഒരിക്കലും മറക്കാൻ കഴിയാത്തത്. എവിടെയായാലും ഏത് രാജ്യത്തായാലും ആരാണ് അവിടെ ജോലി ചെയ്ത ആരുടെ കുടുംബാംങ്ങളാണ് ഓർക്കാതെപോകുന്നത്. ഞങ്ങൾക്ക് അത് ഇന്നും HNL തന്നെ. ഇന്ദിരാഗാന്ധി സർക്കാർ കേരളത്തിന് സമ്മാനിച്ച പൊതുമേഖലാ സ്ഥാപനം

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു മഹാ സംഭവമായിരുന്നു ഈ ആഘോഷം. ഇത്ര മാത്രം ആഘോഷങ്ങൾ നാട്ടിലെങ്ങും ഇല്ലാത്ത ഒരു കാലഘട്ടമാണെന്നു എന്നുകൂടി ഓർക്കണം – കുടുംബാംഗങ്ങളുടെ ഒത്തുചേരൽ….! വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമായ സമ്മേളനം, ആലക്തിക ദീപങ്ങളുടെ വർണ്ണ പ്രസരിമയിൽ കുളിച്ചു നില്ക്കുന്ന ടൗൺഷിപ്പും പരിസരവും…

ആഘോഷത്തിന്റെ തലേ ദിവസം സന്ധ്യ കഴിഞ്ഞാൽ ഇലൂമിനേഷനും ഡക്കറേഷനും ഒരുക്കങ്ങളും കാണാനായി കുട്ടികളുമായി കുടുംബസമേതം ധാരാളംപേർ എത്തുന്നതും ഒരു രസക്കാഴ്ചയായിരുന്നു. ഓരോ വർഷവും ഒന്നിനൊന്ന് മികച്ചുനില്ക്കുന്ന കൾചറൽ പ്രോഗ്രാമുകൾ.. !! പതിനായിരങ്ങളെ സാക്ഷിയാക്കി നടന്നിട്ടുള്ള, നടത്തിയിട്ടുള്ള മഹാമേള എന്നു പറയാം.

ഇവയെല്ലാം സംഘടിപ്പിക്കുന്നതിന്റെ ഒരു മുഖ്യകണ്ണിയായി നില്ക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. ഒരു മാസത്തോളം മുൻപേ തുടങ്ങുന്ന തയ്യാറെടുപ്പുകൾ. ഏവരും ആകാംക്ഷയോടെ ചോദിക്കുന്ന ഒരുചോദ്യമുണ്ട്, ഈ വർഷത്തെ പ്രോഗ്രാം ..? മുഖ്യാതിഥി ആര്?

യേശുദാസ്, ജയചന്ദ്രൻ, എം.ജി.ശ്രീകുമാർ, വേണുഗോപാൽ, ചിത്ര, മാധുരി, സുജാത, അരുന്ധതി, മഞ്ജരി, കാഞ്ഞങ്ങാട് രാമചന്ദ്രൻ, പ്രദീപ് സോമസുന്ദരം, റിമി ടോമി, വിധുപ്രതാപ്, എന്നു വേണ്ട ഒട്ടുമിക്ക പാട്ടുകാരുടേയും മ്യൂസിക് പ്രോഗ്രാമുകൾ (ഗാനമേള) അങ്ങനെ പോകുന്നു പാട്ടുകാരുടെ നിര…. പാട്ടിൽനിന്നും സ്റ്റേജ്ഷോയിലേക്ക് മാറുന്നത് 2000-ലാണ്. ആ വർഷം നാദിർഷ, രാജലക്ഷ്മി, ഇവരുടെ ഗാനമേളയും, ഏഷ്യാനെറ്റ് സിനിമാല ടീമിൻ്റെ സ്കിറ്റ് മായി (എല്ലാം കൂടി നാദിർഷയുടെ പ്രോഗ്രാമായി) സംഘടിപ്പിച്ചു. (സിനിമാല ടീം വെള്ളൂരിൽ വന്നപ്പോൾ അവരെ കാണാൻ ഗ്രീൻ റൂമിൻ്റെ അടുക്കൽ ചെന്നു എന്ന് രമേഷ് പിഷാരടി ചാനലിൽ ഒരിക്കൽ പറഞ്ഞത് ഇതേ വേദിയാണ്. രമേഷ് പിഷാരടിയും ഞങ്ങളുടെ കുടുംബാംഗം)

അങ്ങനെയാണ് 2000 മുതൽ ഗാനമേളകൾ ഒഴിവാക്കി മെഗാ ഷോകളായി മാറിയത് ഈ രീതിയിൽ ഒരു പരിപാടി സംഘടിപ്പിക്കാൻ ആദ്യം കലാഭവൻ മണിയുടെ അടുക്കൽ പോയതിനുശേഷമാണ് നാദിർഷായുടെ അടുക്കൽ പോയി എഗ്രിമെൻ്റ് ചെയ്യുന്നത്. ആലപ്പുഴ സിൽവൽ സ്റ്റാർ, ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ.എസ്.പ്രസാദ്.. അങ്ങനെ പോകുന്നു ആ നിര…. എന്തിനേറെ വരാത്ത ഗായകരില്ല ! വരാത്ത പെർഫോമിംഗ് ആർട്ടിസ്റ്റുകളില്ല എന്നുപറയുന്നതാകും ശരി …

സംഘാടകനെന്ന നിലയിൽ ഇതിന്റെയെല്ലാം ഭാഗഭാക്കാകാൻ കഴിഞ്ഞത് ഒരിക്കലും മറക്കാൻ കഴിയുന്ന കാര്യമല്ല. അതു കൊണ്ടു കൂടിയാണ് എല്ലാ ഫെബ്രുവരി 26 നും ഇത് ഒരു ചെറു കുറിപ്പിലൂടെ ഞാൻ ഓർമ്മിപ്പിയ്ക്കുന്നതും.

അത്രമാത്രം ഒത്തൊരുമയുടേയും കൂട്ടായ്മയുടേയും ആഹ്ളാദാരവങ്ങളുടേയും ഒരു ‘ഒരു മഹാമേള’യായിരുന്നു ഓരോ എച്ച്.എൻ.എൽ. കടുംബാംഗങ്ങൾക്കും എച്ച്.എൻ.എൽ.ദിനാഘോഷം. 1500 -ളം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും, കാഷ്വൽ / കോൺട്രാക്ട് ജീവനക്കാരും അവരുടെ കൂടുംബാംഗങ്ങളും, കൂടാതെ പോലീസ് സ്റ്റേഷൻ സ്റ്റാഫ് കേന്ദ്രീയ വിദ്യാലയം/ ഭവൻസ് വിദ്യാലയം, സെക്യൂരിറ്റി സ്റ്റാഫ്, ബാങ്ക്, കോ ഓപറേറ്റീവ് ബാങ്ക്, പോസ്റ്റ് ഓഫീസ്, റെയിൽവേ സ്റ്റേഷൻ, തുടങ്ങിയ സ്ഥാപനങ്ങളിലേയും ജീവനക്കാർ …. എല്ലാം ഇതിൻ്റെ ഭാഗമാകുമായിരുന്നു.

എല്ലാ സൗഭാഗ്യങ്ങളും തന്ന തന്റെ പ്രിയപ്പെട്ട സ്ഥാപനത്തിന്റെ പിറന്നാൾ ദിനം ആരാണ് മറന്നു പോകുന്നത്.. എച്ച്.എൻ.എൽ ദിനാഘോഷത്തോടനുബന്ധിച്ച് മെയിൻ ഗേറ്റിൽ നടക്കുന്ന രണ്ടു പ്രധാന ചടങ്ങുകളാണ് എച്ച്.എൻ.എൽ പതാക ഉയർത്തുക, സ്മൃതി മണ്ഡപത്തിൽ തിരിതെളിയിയ്ക്കുക എന്നത്. രണ്ട് പേർക്ക് ലഭിക്കുന്ന ഭാഗ്യം …. ആ ദിവസത്തെ രാവിലത്തെ ചടങ്ങിലെ VIP കളും ‘! 2012-ൽ പതാക ഉയർത്താനുള്ള ആ ഭാഗ്യം എനിക്കും ലഭിച്ചു…..

വാലറ്റം : ഞങ്ങൾക്ക് അത് ഇന്നും HNL തന്നെ. ഇന്ദിരാഗാന്ധി സർക്കാർ കേരളത്തിന് സമ്മാനിച്ച പൊതുമേഖലാ സ്ഥാപനംഅന്ന് 650 ഏക്കർ സ്ഥലം അക്വയർ ചെയ്ത് ഇത് സ്ഥാപിച്ചത് ഇന്നും ഇതൊരു ഒരു മുതൽകൂട്ടാണ്. വസ്തുവകകൾ ഉൾപ്പെടെ ഏതാണ്ട് 2000 കോടി രൂപയോളം ആസ്തിയുള്ള ഒരുസ്ഥാപനം. ഇത്രയും സ്ഥലമുണ്ടായതു കൊണ്ടുതന്നെയാണ് എയിംസ് വെള്ളൂരിൽ സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നതും, മറ്റ് വികസന പ്രവർത്തനങ്ങൾക്ക് തുനിയുന്നതും. അന്നത്തെ കേന്ദ്രസർക്കാരിൻ്റെ സമ്മാനം. മുകുന്ദപുരം എം.പി -എ.സി. ജോർജും, മൂവാറ്റുപുഴ എം.പി. -സി.എം സ്റ്റീഫനും ഒപ്പം കെ. കരുണാകരനും ഇതിനായി പരിശ്രമിച്ചു.

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

You may also like

error: Content is protected !!