ജറുസലേം: യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും പശ്ചിമേഷ്യയിൽ യുദ്ധഭീതിയ്ക്ക് അയവില്ല. യുഎസിനും ഇസ്രയേലിനുമെതിരെ 23-ാം റൗണ്ട് ആക്രമണം തുടങ്ങിയതായി ഇറാൻ സൈന്യമായ റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) അറിയിച്ചു. അതേസമയം ഇറാനെതിരായ ആക്രമണം അടുത്ത ഘട്ടത്തിലേക്ക് എന്നാണ് ഇസ്രയേൽ സൈനിക മേധാവിയുടെ പ്രതികരണം. അതിനിടെ ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ഫോർഡ് മെഡിറ്ററേനിയൻ കടലിൽനിന്ന് ചെങ്കടലിലെത്തി. സൂയസ് കനാൽ വഴി ചെങ്കടലിലേക്ക് പ്രവേശിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏദൻ കടലിടുക്കുവഴി ഇറാന് സമീപത്തേക്കുള്ള യാത്രയിലാണ് കപ്പലെന്നാണ് സൂചന.
ഇറാനെതിരെ ആക്രമണം ശക്തമാക്കി അമേരിക്കയും ഇസ്രയേലും. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. കീഴടങ്ങിയാൽ, നാശത്തിന്റെ വക്കിൽ നിന്നും ഇറാനെ തിരികെ കൊണ്ടുവരാൻ രാവും പകലും പ്രവർത്തിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഐആർജിസി കമാൻഡർമാരോടും നയതന്ത്രജ്ഞരോടും ജനാധിപത്യപക്ഷത്തേക്ക് കൂറുമാറാൻ അദേഹം ആവശ്യപ്പെട്ടു.
മധ്യ ഇറാനിലെ നതാൻസ് നഗരത്തിൽ സ്ഫോടനമുണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്‌തു. ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രം നതാൻസിലാണ് 2025ലെ 12 ദിന യുദ്ധത്തിൽ നതാൻസ് ആണവകേന്ദ്രത്തിനുനേരെ ആക്രമണമുണ്ടായിരുന്നു. ടെഹ്റാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ തകർക്കുന്നതിൽ ഇസ്രയേൽ വ്യോമസേന വൻ വിജയം കൈവരിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണ ശേഷി തകർക്കുന്നതിൻ്റെ ഭാഗമായി 30 ഇറാനിയൻ കപ്പലുകൾ തകർത്തതായി അമേരിക്കൻ സേന അറിയിച്ചു. ഇത് ഇറാൻ്റെ സമുദ്ര വ്യാപാരത്തെയും ആയുധക്കടത്തിനെയും വലിയ തോതിൽ ബാധിക്കും.
ഇറാനിലെ സൈനിക നടപടികൾ നാല് മുതൽ ആറ് ആഴ്ച വരെ നീണ്ടുനിൽക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് വ്യക്തമാക്കി. ഇറാന്റെ വ്യോമാതിർത്തിയിൽ പൂർണ്ണ നിയന്ത്രണം നേടാനുള്ള നീക്കത്തിലാണ് തങ്ങളെന്ന് യുഎസ് അവകാശപ്പെടുന്നു. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നത് വരെ ദൗത്യം തുടരുമെന്ന് പെൻ്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി.
യുഎസ്–ഇസ്രയേൽ നടത്തുന്ന സംയുക്ത ആക്രമണത്തിൽ ഇറാനിലെ മരണസംഖ്യ 1332 ആയി ഉയർന്നു. കുവൈത്തിലെ യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ സൈന്യം അറിയിച്ചു. വെള്ളിയാഴ്ച ഇറാൻ്റെ 10 ഡ്രോണുകൾ ഖത്തറിനെ ലക്ഷ്യമിട്ടെത്തിയെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ 9 ഡ്രോണുകളെ തകർത്തു. ഒരെണ്ണം ആൾത്താമസമില്ലാത്ത പ്രദേശത്ത് പതിച്ചെന്നും ആർക്കും പരുക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
മാർച്ച് 6-ന് യുഎഇയിലേക്ക് 9 ബാലിസ്റ്റിക് മിസൈലുകളും 112 ഡ്രോണുകളും ഇറാൻ അയച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും മൂന്ന് ഡ്രോണുകൾ രാജ്യത്തിനുള്ളിൽ പതിച്ചു. ഫുജൈറയിലെ എണ്ണ സംഭരണശാലയ്ക്ക് സമീപം സ്ഫോടനമുണ്ടായതായും റിപ്പോർട്ടുണ്ട്. സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളും ഇറാൻ വിക്ഷേപിച്ച മിസൈലുകളും ഡ്രോണുകളും തങ്ങളുടെ വ്യോമാതിർത്തിയിൽ വെച്ച് തകർത്തതായി അറിയിച്ചിട്ടുണ്ട്. സൗദിയിലെ റിയാദിലുള്ള യുഎസ് എംബസി ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നതായും സൂചനയുണ്ട്.
ഇസ്രായേലിനു എതിരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ടെൽ അവീവ് കൂടാതെ റമത് ഗാൻ, ബെനി ബ്രാക്ക്, പെറ്റാ തിക്‌വ എന്നീ ജനസാന്ദ്രതയുള്ള മേഖലകളിലും ഇറാന്റെ മിസൈലുകൾ പതിച്ചു. തെക്കൻ ഇസ്രായേലിലെ ബീർഷെബ, മധ്യഭാഗത്തെ ബെയ്റ്റ് ഷെമേഷ് എന്നിവിടങ്ങളിലും മിസൈൽ ആഘാതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം ലെബനനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ്റെ സഖ്യകക്ഷിയായ ഹിസ്ബുള്ളയ്ക്ക് കനത്ത നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇസ്രായേൽ വ്യോമസേന ബെയ്‌റൂട്ടിലെ ദഹിയ (Dahiyeh) മേഖലയിൽ വ്യാപകമായ ബോംബാക്രമണം നടത്തി. പത്തോളം ബഹുനില കെട്ടിടങ്ങൾ ഈ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുണ്ട്. ഹിസ്ബുള്ളയുടെയും ഇറാൻ റെവല്യൂഷണറി ഗാർഡിന്റെയും (IRGC) കമാൻഡ് സെന്ററുകളെയാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്ന് ഇസ്രായേൽ സൈന്യം (IDF) അവകാശപ്പെട്ടു. തിങ്കളാഴ്ച മുതൽ ആരംഭിച്ച ആക്രമണങ്ങളിൽ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 217 ആയി ഉയർന്നതായി ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഏകദേശം 798 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇറാനിൽ പെൺകുട്ടികളുടെ സ്കൂളിൽ മിസൈൽ ആക്രമണം നടത്തിയത് ഇസ്രയേലല്ല


