വാഷിംഗ്‌ടൺ: ഇറാനിലെ അമേരിക്കൻ പൗരന്മാർക്ക് യുഎസിന്റെ വെർച്വൽ എംബസി സുരക്ഷാ മുന്നറിയിപ്പ് നൽകി. പ്രതിഷേധങ്ങൾ “വർദ്ധിക്കുകയും അക്രമാസക്തമാകുകയും ചെയ്തേക്കാം” എന്ന് ചൂണ്ടിക്കാട്ടി എല്ലാ യുഎസ് പൗരന്മാരും ഇറാൻ വിടാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുഎസ് ഗവൺമെന്റിന്റെ സഹായത്തെ ആശ്രയിക്കാൻ കാത്തുനിൽക്കാതെ ഇറാനിൽ നിന്ന് എത്രയും വേഗം പുറത്തു കടക്കാനാണ് ആവിശ്യപ്പെട്ടിരിക്കുന്നത്. കരമാർഗ്ഗം അർമേനിയയിലേക്കോ തുർക്കിയിലേക്കോ പലായനം ചെയ്യുന്നത് പരിഗണിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് വഴി ഇറാനുമായി ഒരു നയതന്ത്ര നീക്കത്തിനു യുഎസ് സാധ്യത തുറന്നിടുമ്പോഴും ഇറാനെതിരെ വ്യോമാക്രമണത്തിന് യുഎസ് തയാറെടുക്കുന്നതായായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതിനിടെ ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്കുമേൽ 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഈ നീക്കം ഇറാന് വളരെ സമ്മർദമുണ്ടാക്കും. ഈ അധിക തീരുവ ഉടൻ പ്രാബല്യത്തിൽ വരും എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇറാനിൽ സൈനിക നടപടിക്ക് മടിക്കില്ലെന്ന പ്രതികരണത്തിന് പിന്നാലെയാണ ട്രംപിന്‍റെ തീരുവ പ്രഖ്യാപനം.
അതേസമയം അമേരിക്കയുമായി യുദ്ധത്തിന് തയ്യാറാണെങ്കിലും ചർച്ചകൾക്കും സന്നദ്ധമാണെന്നാണ് ഇറാന്‍റെ നിലപാട്. പരസ്പര ബഹുമാനത്തോടെയാകണം ചർച്ചകളെന്നും ഇറാൻ ആവിശ്യപ്പെടുന്നു. അയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായ പ്രതിഷേധം രണ്ടാഴ്ച പിന്നിടുമ്പോൾ പ്രക്ഷോഭകരെ അടിച്ചൊതുക്കാൻ സകല വഴിയും പയറ്റുകയാണ് ഇറാൻ. ഇറാനിലെമ്പാടും ഇന്‍റർനെറ്റും മൊബൈൽ സേവനങ്ങളും വിച്ഛേദിച്ചതിന് പിന്നാലെ സ്റ്റാർലിങ്ക് ഉപയോഗവും നിരോധിച്ച് ഇറാൻ ഭരണകൂടം രംഗത്തെത്തി. സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇറാൻ തടസ്സപ്പെടുത്തിയെന്നാണ് വിവരം. പ്രക്ഷോഭകരെ ലോകത്തിന്റെ മറ്റിടങ്ങളിൽനിന്ന് ഒറ്റപ്പെടുത്താനും പുറത്ത് നിന്നുള്ള സഹായങ്ങൾ തടയാനുമാണ് ഇറാന്‍റെ ശ്രമം.
ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ ഇറാനിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. രാജ്യത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്ത 10600 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്റ്റിവിസ്റ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


