ഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ രൂക്ഷമായ ആക്രമണവുമായി അമേരിക്ക. അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് ശക്തമായ മറുപടിയായാണ് ആക്രമണം എന്നാണ് അമേരിക്ക വിശദമാക്കുന്നത്. ഐഎസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളും ഇല്ലാതാക്കുന്നതിനായി യുഎസ് സൈന്യം സിറിയയിൽ ഓപ്പറേഷൻ ഹോക്കി സ്‌ട്രൈക്ക് ആരംഭിച്ചതായി പെന്റഗൺ അറിയിച്ചു. നിരവധി ഐഎസ് ഭീകരരെ വധിച്ചതായും പ്രതികാരനടപടികള്‍ തുരുമെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്.
മധ്യസിറിയയിലെ 70-ഓളം ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് അമേരിക്ക വൻ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളും ആയുധ കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ളതായിരുന്നു അമേരിക്കയുടെ ഓപ്പറേഷൻ ഹോക്കിയെന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിശദമാക്കുന്നത്. ഐസിസ് താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഭീകരഗ്രൂപ്പിനെ തുരത്താനുള്ള യുഎസ് ശ്രമത്തെ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറാ പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയെ ഭീഷണിപ്പെടുത്തുന്ന ഏതൊരു ഭീകരനും ഇതിനുമുമ്പ് നേരിട്ടിട്ടില്ലാത്ത അത്ര ശക്തമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
സിറിയയുടെ മധ്യ ഭാഗത്തായുള്ള നിരവധി ലക്ഷ്യ സ്ഥാനങ്ങളിൽ യുദ്ധ വിമാനം, ഹെലികോപ്ടർ അടക്കമുള്ളവ ഉപയോഗിച്ചാണ് അമേരിക്ക ആക്രമിച്ചിട്ടുള്ളത്. എഫ്-15 ഈഗിൾ ജെറ്റുകൾ, എ-10 തണ്ടർബോൾട്ട് വിമാനങ്ങൾ, അപ്പാച്ചെ ഹെലികോപ്റ്ററുകൾ എന്നിവയ്ക്ക് പുറമെ ജോർദാനിൽ നിന്നുള്ള എഫ്-16 വിമാനങ്ങളും ഹിമാർസ് റോക്കറ്റ് പീരങ്കികളും ഈ ഓപ്പറേഷനായി ഉപയോഗിച്ചു എന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ഡിസംബർ 13-ന് സിറിയയിലെ പാൽമിറയിൽ ഐഎസ് ആക്രമണത്തിൽ രണ്ട് സൈനികരും അമേരിക്കൻ സ്വദേശിയായ ഭാഷാ പരിഭാഷകനും കൊല്ലപ്പെട്ടിരുന്നു. ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഡൊണാൾഡ് ട്രംപ് അന്ന് പ്രതികരിച്ചിരുന്നു. അടുത്തിടെയാണ് ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിന് സിറിയ അമേരിക്കയുമായി കൈകോർത്തത്. സിറിയയിലും ഇറാഖിലുമായി 7000-ത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഉണ്ടെന്നാണ് യുഎൻ കണക്കുകൾ.



